സ്വന്തം ലേഖകൻ: ഫ്ലെക്സി വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്നവർ നിയമവിരുദ്ധമായി മറ്റു ജോലികളിൽ ഏർപ്പെടുന്നുണ്ടോയെന്ന പരിശോധന ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ശക്തമാക്കി. അനുവദിക്കപ്പെട്ട തൊഴിലുകളിൽ അല്ലാതെ ജോലി ചെയ്യുന്നവരെ കണ്ടെത്താനാണ് പരിശോധന. ഇതോടൊപ്പം, ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് അനധികൃത തൊഴിലാളികളെ കണ്ടെത്താനും പരിശോധന നടത്തുന്നുണ്ട്.
നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ െഫ്ലക്സി വർക്ക് പെർമിറ്റ് സംവിധാനത്തിലൂടെ രേഖകൾ ശരിയാക്കാൻ അനുവദിക്കില്ലെന്ന് എൽ.എം.ആർ.എ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഹന അൽ സഫർ പറഞ്ഞു. ബഹ്റൈനിലേക്ക് തിരിച്ചുവരുന്നതിന് വിലക്കേർപ്പെടുത്തി ഇത്തരക്കാരെ നാട് കടത്തുകയും ചെയ്യും.
തിരഞ്ഞെടുക്കപ്പെട്ട 20 തൊഴിൽ മേഖലകളിൽ നിശ്ചിത മാനദണ്ഡങ്ങളും പ്രഫഷനൽ നിലവാരവും കൊണ്ടുവരുന്നതിന് എല്ലാ സർക്കാർ വകുപ്പുകളിൽനിന്നുമുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ച് പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. കമ്മിറ്റിയുടെ ശിപാർശകൾ രണ്ടുമാസത്തിനകം വിദ്യാഭ്യാസ, പരിശീലന കാര്യങ്ങൾക്കായുള്ള സുപ്രീം കൗൺസിലിന് കൈമാറും.
സ്പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടുന്ന തൊഴിലാളികളെ െഫ്ലക്സി വർക്ക് പെർമിറ്റ് എടുത്തോ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറിയോ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് മന്ത്രി സഭ നേരത്തെ തീരുമാനമെടുത്തിരുന്നു. രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കും. ഏപ്രിലിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ഇതിനകം അരലക്ഷത്തിലേറെപ്പേർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല