1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2023

സ്വന്തം ലേഖകൻ: വിമാനത്തിനുള്ളില്‍ വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. ഗോ ഫസ്റ്റ് വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരന്‍ മോശമായി പെരുമാറിയതായാണ് പരാതി. ജനുവരി അഞ്ചിന് ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും വിമാനത്തിനുള്ളില്‍ മോശം പെരുമാറ്റമുണ്ടായത്.

വിദേശ യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ ഒപ്പമിരിക്കാന്‍ നിര്‍ബന്ധിക്കുകയും അടുത്തിരുന്ന ആളോട് അശ്ലീലചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. വിമാനം ഗോവയിലെ മോപ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ഇയാളെ സിഐഎസ്എഫിന് കൈമാറി. പരാതി ഉയര്‍ന്നതോടെ സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി ഡിജിസിഎയേയും അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായാല്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച കഴിഞ്ഞ ദിവസം ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് മര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. അതിനുശേഷമുള്ള ആദ്യ കേസാണിത്.

എയര്‍ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മദ്യലഹരിയില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ മുംബൈ സ്വദേശി ശങ്കര്‍ മിശ്രയെ(34) ബെംഗളൂരുവില്‍നിന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഡല്‍ഹിയിലെത്തിച്ച് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ കഴിഞ്ഞ നവംബര്‍ 26-ന് മിശ്ര 71-കാരിയായ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചെന്നാണ് പരാതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.