സ്വന്തം ലേഖകൻ: മൂന്നു മാസത്തിനിടെ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് റദ്ദാക്കിയത് 861 ഗൾഫ് സർവീസുകൾ. ഏപ്രിൽ മുതൽ ജൂൺ വരെ മാത്രമുള്ള കണക്കാണിത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നും തിരിച്ചുമുള്ളതാണ് ഇതിൽ 542 സർവിസുകളും. ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ 1600 സർവിസുകളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിൽ രണ്ടു ശതമാനം സർവിസുകൾ റദ്ദാക്കി. 4.6 ശതമാനം സർവിസുകൾ ഒരു മണിക്കൂറിലേറെ വൈകി.
അവധിക്കാലം തുടങ്ങിയതോടെ ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി വർധിപ്പിച്ചു. ഇതിനു പുറമേ ടിക്കറ്റ് നിരക്ക് ഭയന്ന് നേരത്തെ ബുക്ക് ചെയ്തവർക്ക് ഇരുട്ടടിയായി സർവീസ് റദ്ദാക്കലും വൈകിപ്പറക്കലും തുടരുന്നു. ഇതോടെ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്ത കുടുംബങ്ങളുൾപ്പെടെയുള്ളവർ പെരുവഴിയിലായി.
സ്‌കൂൾ അവധി കണക്കാക്കി കമ്പനി അവധി തരപ്പെടുത്തിയവർക്ക് അവധി ദിനങ്ങൾ സൗദിയിൽ തന്നെ ചിലവഴിക്കേണ്ട അവസ്ഥയാണ് നിലവിൽ. റദ്ദാക്കിയ ടിക്കറ്റുകൾ റീഫണ്ട് ചെയ്ത് പുതിയത് ബുക്ക് ചെയ്യാമെന്ന് കരുതിയാൽ മൂന്നിരട്ടിയാണ് പലപ്പോഴും നിരക്ക്. സൗദിക്ക് പുറമേ കുവൈത്ത്, ഒമാൻ സെക്ടറുകളിൽ നിന്നുള്ള സർവീസുകളിലും തടസ്സം നേരിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല