സ്വന്തം ലേഖകൻ: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ പ്രാദേശിക യാത്രസൗകര്യവികസനവും അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യമാക്കി വ്യോമയാന മേഖലയ്ക്ക് മികച്ച പ്രഖ്യാപനങ്ങള്‍. ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി നവീകരിച്ച് നടപ്പിലാക്കും.120 പ്രാദേശിക വിമാനത്താവളങ്ങളെയും ഹെലിപാഡുകളെയും ബന്ധിപ്പിച്ചുകൊണ്ട് പരിഷ്കരിച്ച പദ്ധതിയാണിത്. ഇത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നാല് കോടി അധിക യാത്രക്കാരെ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പ്രാദേശിക മേഖലകളിലേക്കുള്ള വിമാനയാത്രാ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ഹെലിപാഡുകളെയും മലയോരമേഖലകളിലെയും വടക്കുകിഴക്കന്‍ മേഖലകളിലെയും ചെറിയ വിമാനത്താവളങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കും. ഭാവി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ നിർമിക്കാനും കേന്ദ്രം സൗകര്യമൊരുക്കും.
പട്ന വിമാനത്താവളത്തിന്റെ വിപുലീകരണവും നാല് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളും പ്രഖ്യാപനത്തിലുണ്ട്. ഇത് കൂടാതെ ബിഹ്തയില്‍ ഒരു ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളവും സ്ഥാപിക്കുമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു.
2016-ല്‍ ആരംഭിച്ച ഉഡാന്‍ പദ്ധതി 1.4 കോടിയിലധികം യാത്രക്കാര്‍ക്ക് ഗുണം ചെയ്തു. പദ്ധതി പ്രകാരം, രണ്ട് വാട്ടര്‍ എയ്റോഡ്രോമുകളും 13 ഹെലിപോര്‍ട്ടുകളും ഉള്‍പ്പെടെ 88 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 619 റൂട്ടുകള്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ബജറ്റ് ഗതാഗത ശൃംഖലകളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങളിലെ വികസനത്തിലൂടെ പ്രാദേശിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല