1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2024

സ്വന്തം ലേഖകൻ: വിമാനപാതയില്‍ പറന്ന പട്ടം കാരണം വഴിമുടങ്ങിയത് ആറു വിമാനങ്ങള്‍ക്ക്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേക്ക് 200 അടിയോളം മുകളിലായി പറന്ന പട്ടം വൈകീട്ട് രണ്ടു മണിക്കൂറോളം വ്യോമഗതാഗതം അലങ്കോലമാക്കി. നാലു വിമാനങ്ങളെ വഴിതിരിച്ച് വിട്ടു. പുറപ്പെടാനൊരുങ്ങിയ രണ്ടു വിമാനങ്ങളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തിച്ചു. രാജീവ് അക്കാദമിയുടെ പരിശീലനവിമാനത്തിന്റെ പറക്കലും നിര്‍ത്തിവെച്ചു.

വിമാനപാതയില്‍ അപകടരമായ സാഹചര്യത്തില്‍ പട്ടം പറക്കുന്ന സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ അഗ്‌നിരക്ഷാസേനയും ഏപ്രണിലെ ഉദ്യോഗസ്ഥരുമെത്തി റണ്‍വേയ്ക്ക് മുകളില്‍ പറക്കുന്ന പട്ടത്തിനെ അടിയന്തരമായി താഴെയിറക്കാന്‍ വലിയ ശ്രമം നടത്തി. അഗ്‌നിരക്ഷാ വാഹനത്തില്‍ നിന്ന് പട്ടം നില്‍ക്കുന്ന ഭാഗത്തേക്ക് ഉയരത്തില്‍ വെളളം ചീറ്റിച്ചു. വിമാനത്താവളത്തില്‍ പക്ഷികളെ തുരത്തിയോടിക്കുന്ന ബേര്‍ഡ് സ്‌കെയര്‍സ് ജീവനക്കാര്‍ പട്ടം ലക്ഷ്യമാക്കി റോക്കറ്റുകള്‍ അയച്ചുവെങ്കിലും ലക്ഷ്യം കാണാനായില്ല.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ മുട്ടത്തറ പൊന്നറ പാലത്തിനടുത്തുളള റണ്‍വേ- 32 ന്റെയും വളളക്കടവ് സുലൈമാന്‍ തെരുവിനും ഇടയ്ക്കുളളതുമായ ഭാഗത്തെ ആകാശത്ത് 200 അടി ഉയരത്തിലാണ് പട്ടം പറന്നത്. വിമാനത്താവള അധികൃതര്‍ അറിയിച്ചതുപ്രകാരം റണ്‍വേയുടെ പരിധിയിലെ എല്ലായിടത്തും പോലീസ് എത്തി പരിശോധന നടത്തി. എന്നാല്‍ പട്ടം പറത്തിയവരെ കണ്ടെത്താനായില്ല.

വിമാനത്താവളത്തിലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നാണ് റണ്‍വേയ്ക്ക് മുകളില്‍ വിമാനപാതയില്‍ പട്ടമുണ്ടെന്ന വിവരം നല്‍കിയത്. ഇറങ്ങാനെത്തുന്ന വിമാനങ്ങള്‍ക്ക് പട്ടവും അതിന്റെ നൂലും അപകടത്തിനിടയാക്കുമെന്നതിനെ തുടര്‍ന്ന് അടിയന്തര സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ഇറങ്ങാനെത്തിയ വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് നിര്‍ദേശം ലഭിക്കുന്നതുവരെ വിമാനത്താവള പരിധിയില്‍ ചുറ്റിക്കറങ്ങുന്നതിനുളള ‘ ഗോ എറൗണ്ട് സന്ദേശം നല്‍കി. പുറപ്പെടാന്‍ ഒരുങ്ങിയ വിമാനങ്ങളെ തല്‍ക്കാലം പാര്‍ക്കിങ് ബേയില്‍ നിര്‍ത്തിയിടാനും എ.ടി.സി. നിര്‍ദേശം നല്‍കി.

4.20 ഓടെ മസ്‌ക്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ്, തൊട്ടുപിന്നാലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ, ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ, ബെംഗ്ലുരുവില്‍ നിന്നെത്തിയ ഇന്‍ഡിഗോ എന്നി വിമാനങ്ങളെയാണ് ഇറങ്ങുന്നതിന് അനുമതി നല്‍കാതെ ആകാശത്ത് തങ്ങുന്നതിനുളള ഗോ എറൗണ്ടിന് പോയ് വരാന്‍ നിര്‍ദേശിച്ചത്.

വൈകിട്ടോടെ ഹൈദ്രാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യാ എക്സ്പ്രസ്, ബെംഗ്ലുരുവിലേക്ക് പോകണ്ടിയിരുന്ന ഇന്‍ഡിഗോ എന്നി വിമാനങ്ങളെയാണ് ബേയില്‍ നിര്‍ത്തിയിട്ടത്.തുടര്‍ന്ന് വൈകിട്ട് 6.20 ഓടെ പട്ടം തനിയെ റണ്‍വേയിലേക്ക് പതിച്ചു. തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി ഓള്‍സെയിന്റ് ഭാഗത്തുളള റണ്‍വേ 14 എന്ന ഭാഗം വഴി വിമാനങ്ങളെ ഇറക്കി. പുറപ്പെടേണ്ട വിമാനങ്ങള്‍ രാത്രിയോടെ അതത് ഇടങ്ങളിലേക്ക് പുറപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.