സ്വന്തം ലേഖകൻ: മെഡിക്കൽ എമർജൻസി ആവശ്യപ്പെട്ട് അടിയന്തരമായി ലാൻഡ് ചെയ്യിച്ച വിമാനത്തിൽ നിന്നും 21 യാത്രക്കാർ ഓടിരക്ഷപ്പെട്ടു. മൊറോക്കയിൽ നിന്നും തുർക്കിയിലേക്ക് സഞ്ചരിച്ച എയർ അറേബ്യ വിമാനമാണ് സ്പെയിനിലെ ബാലറിക് ദ്വീപിലെ പാൽമ എയർപോർട്ടിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം മൊറോക്കയിൽ നിന്നും പുറപ്പെട്ട വിമാനം പാൽമ എയർപോർട്ടിൽ അടിയന്തരമായി ലാൻഡ് ചെയ്യിച്ചതിന് പിന്നാലെ വിമാനത്തിൽ നിന്നും 21 പേരടങ്ങുന്ന സംഘം ഇറങ്ങിയോടുകയായിരുന്നു. എയർപോർട്ടിലെ റൺവേയിലൂടെയാണ് ഇവർ രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വൈകാതെ ഇവരെ പിടികൂടാൻ സാധിക്കുമെന്നും പോലീസ് പറഞ്ഞു.
വിമാനത്തിൽ നിന്നും രക്ഷപ്പെട്ട 21 യാത്രക്കാരിൽ 12 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. വിമാനത്തിൽ വെച്ച് ആരോഗ്യനില മോശമായ ഒരാളെ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായും ഡിസ്ചാർജ് ചെയ്തതായും വാർത്താ ചാനലമായ ഫ്രാൻസ് 24 റിപ്പോർട്ട് ചെയ്തു.
ഒപ്പമുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നതിനായി ഇയാൾ കളവ് പറയുകയായിരുന്നുവെന്നും ആരോഗ്യനില വ്യാജമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അനധികൃതമായി കുടിയേറ്റം പ്രോത്സാഹിപ്പിച്ചതിനും സ്പാനിഷ് ഇമിഗ്രേഷൻ നിയമം ലംഘിച്ചതിനും ഇയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ഇയാൾക്കൊപ്പം ആശുപത്രിയിൽ എത്തിയ വ്യക്തിയും രക്ഷപ്പെട്ടതായി പോലീസ് കണ്ടെത്തി.
വിമാനത്താവളത്തിൽ നടന്നത് സംഘടിതവും ആസൂത്രിതവുമായ നീക്കമാണോ എന്ന് അന്വേഷിക്കുകയാണെന്ന് സ്പാനിഷ് സർക്കാർ പ്രതിനിധി ഐന കാൽവോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയുടെ ഭാഗമാണോ ആസൂത്രിതമായ നീക്കമാണോ നടന്നതെന്ന് സ്ഥിരീകരിക്കാനോ ഉറപ്പിച്ച് പറയാനോ കഴിയുന്ന തെളിവുകൾ കൈവശമില്ല. നിലവിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിൽ നിന്നും ഇറങ്ങിയോടുകയും പിന്നീട് പിടിക്കപ്പെടുകയും ചെയ്തവരെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കുമെന്ന് സാപാനിഷ് സർക്കാർ പ്രതിനിധി വ്യക്തമാക്കി. ഒരാളൊഴികെ എല്ലാവരും മൊറോക്കോയിൽ നിന്നുള്ളവരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒരാൾ പലസ്തീൻ പൗരൻ ആണെന്ന് ഫ്രാൻസ് 24 റിപ്പോർട്ട് ചെയ്തു.
വിമാനത്താവളത്തിൽ നിന്നും യാത്രക്കാർ ഇടങ്ങിയോടിയ സംഭവം ആശങ്ക ശക്തമാക്കിയതോടെ മൂന്ന് മണിക്കൂറിലധികം നേരം വിമാനത്താവളം അടച്ചിട്ടതോടെ നാൽപ്പതോളം വിമാനങ്ങളുടെ സമയക്രമം മാറി. നിരവധി വിമാനങ്ങൾ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തു. 13 വിമാനങ്ങൾ റൂട്ട് മാറ്റി സർവീസ് നടത്തിയതായി ബാലറിക്ക് എയർപോർട്ട് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.
എയർപോർട്ടിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തിയെന്ന് ബാലറിക് ദ്വീപ് പ്രസിഡൻ്റ് ഫ്രാൻസിന ആർ മെൻ ഗൽ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവിച്ചത് ‘ഗുരുതരമായ സുരക്ഷാ ലംഘനം’ ആണെന്ന് സ്പാനിഷ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളേഴ്സ് യൂണിയന്‍ വക്താവ് ഒരു സ്വകാര്യ മാധ്യമവുമായി സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല