![](https://www.nrimalayalee.com/wp-content/uploads/2023/09/Flight-Ticket-Booking-Children-Guidelines.jpg)
സ്വന്തം ലേഖകൻ: വിമാനത്തിൽ മുതിർന്നവർക്കും കുട്ടികൾക്കും ശിശുക്കൾക്കും സീറ്റ് ബുക്ക് ചെയ്യുമ്പോൾ നിയമങ്ങൾ ഒരോ എയർലൈനിനെ ആശ്രയിച്ച് വ്യത്യാസപ്പെടും. എന്നാൽ ഇവക്കെല്ലാം ചില പൊതുവായ മാർഗനിർദ്ദേശങ്ങൾ ഉണ്ട്. ടിക്കറ്റ് എടുക്കുമ്പോൾ എത്ര കുട്ടികൾ, വയസ് എത്ര എന്ന ചോദ്യങ്ങൾ എത്തും. ഇത് വ്യക്തമായി നൽകിയാണ് പലരും ടിക്കറ്റ് എടുക്കുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ യാത്രക്കാരി വിമാന അധികൃതർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സെപ്തംബര്‍ 12ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്‌പൈസ്‌ജെറ്റിന്റെ എസ് ജി 35 വിമാനത്തിൽ രണ്ടു വയസ്സുകാരിയായ കുട്ടിക്ക് സീറ്റ് നല്‍കിയില്ല.
രണ്ട് വയസ് കഴിഞ്ഞത് കൊണ്ട് തന്നെ മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഈടാക്കുന്ന തുക വാങ്ങുകയും ബോര്‍ഡിങ് പാസില്‍ സീറ്റ് നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുത്തിയ സീറ്റില്‍ നിന്ന് കുട്ടിയെ എടുക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടെന്നാണ് പരാതി. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും ഉള്‍പ്പെടെ കുട്ടിയെ മടിയില്‍ ഇരുത്തേണ്ടി വന്നു എന്നാണ് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നത്. പരാതി തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ യുവതി സ്‌പൈസ്‌ജെറ്റിന് പരാതി നൽകി.
ശിശുക്കൾ (2 വയസിന് താഴെയുള്ളവർ)
വിമാനക്കമ്പനിയെ ആശ്രയിച്ച് സൗജന്യമായോ കുറഞ്ഞ നിരക്കിലോ കുഞ്ഞുങ്ങൾക്ക് മുതിർന്നവരുടെ മടിയിൽ യാത്ര ചെയ്യാം. അവരോടൊപ്പം 15 വയസ് പ്രായമുള്ള ഒരു മുതിർന്ന വ്യക്തി ഉണ്ടായിരിക്കണം. ശിശുക്കൾക്ക് സ്വന്തമായി സീറ്റ് ഉണ്ടായിരിക്കില്ല. എന്നാൽ അവർക്ക് ഒരു കാർസീറ്റോ കെയർസ് ഹാർനെസോ ഉപയോഗിക്കാം
കുട്ടികൾ ( പ്രായം- 2 -11 വയസ്)
കുട്ടികൾക്ക് അവരുടേതായ സീറ്റ് ഉണ്ടായിരിക്കുകയും കുട്ടികളുടെ നിരക്ക് നൽകുകയും വേണം. ഇത് സാധാരണയായി മുതിർന്നവരുടെ നിരക്കിന്റെ 75% ആണ്. മുഴുവൻ ചാർജും നൽകുന്ന മുതിർന്നവരുടെ കുട്ടിയാണെങ്കിൽ അവർക്ക് സൗജന്യമായി യാത്ര ചെയ്യാനും സാധിക്കും.
മുതിർന്നവർ ( 12 വയസിന് മുകളിൽ ഉള്ളവർ)
12 വയസിന് മുകളിൽ ഉള്ളവർ ആണെങ്കിൽ അവരുടേതായ സീറ്റ് ഉണ്ടായിരിക്കും. മുഴുവൻ യാത്രാക്കൂലി നൽകണം.
വിമാനങ്ങളിൽ ശിശുക്കൾക്കും കുട്ടികൾക്കുമായി സീറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇങ്ങനെ
ചില എയർലൈനുകൾ ശിശുക്കൾക്ക് യാത്ര ചെയ്യണമെങ്കിലും 14 ദിവസമെങ്കിലും പ്രായമുണ്ടായിരിക്കണം.
ചെക്ക് ഇൻ ചെയ്യുമ്പോൾ ശിശുക്കൾക്കും കുട്ടികൾക്കും പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകേണ്ടി വരും
ചില എയർലൈനുകൾക്ക് എക്സിറ്റ് വരിയിൽ ഇരിക്കാവുന്ന ശിശുക്കളുടെയും കുട്ടികളുടെയും എണ്ണത്തിൽ നിയന്ത്രണങ്ങളുണ്ട്.
കുട്ടികളും, ശിശുക്കളുമായി യാത്രക്കായി ഒരുങ്ങുമ്പോൾ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. ഒരുമിച്ച് സീറ്റ് ലഭിക്കാൻ ഇത് സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല