സ്വന്തം ലേഖകൻ: സ്കൂളുകളിൽ മധ്യവേനലവധി ആരംഭിക്കാൻ 4 ദിവസം മാത്രം ശേഷിക്കെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഇനിയുള്ള ദിവസങ്ങളിൽ ആവശ്യക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച് ടിക്കറ്റ് നിരക്കും ഉയരും. വിമാന സർവീസുകളും സീറ്റുകളുടെ എണ്ണവും വർധിച്ചെങ്കിലും അവധിക്കാല നിരക്കുവർധന മുൻ വർഷങ്ങൾക്കു സമാനമായി തുടരുകയാണ്. കുട്ടികളുടെ സ്കൂൾ അവധിക്കൊപ്പം ഓഫിസിലെ അവധിക്ക് അപേക്ഷിച്ച പലർക്കും അവസാനനിമിഷമാണ് ലീവ് ലഭിച്ചത്. അതിനാൽ, മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും പലർക്കും നഷ്ടപ്പെട്ടു.
ഈ ശനിയാഴ്ച പോയി ഓഗസ്റ്റ് 23ന് തിരിച്ചുവരാൻ ഒരുങ്ങുന്ന 4 അംഗ കുടുംബത്തിനു ശരാശരി ടിക്കറ്റ് നിരക്ക് 3.5 ലക്ഷം രൂപയാണ്. ഒരു മാസം മുൻപ് ഇതേദിവസങ്ങളിലെ നിരക്ക് 2.5 ലക്ഷം രൂപയായിരുന്നു. ഒരു മാസത്തിനിടെ ഒരു ലക്ഷം രൂപയുടെ വർധനയാണ് നിരക്കിലുണ്ടായത്. ഇത്രയും പണം മുടക്കിയാലും പലപ്പോഴും നേരിട്ടുള്ള ടിക്കറ്റ് കിട്ടാറില്ലെന്നും പ്രവാസികൾ പറയുന്നു. പലർക്കും കണക്ഷൻ ഫ്ലൈറ്റുകളാണ് കിട്ടുന്നത്. ലഗേജ് ഇല്ലാത്ത ടിക്കറ്റുകൾക്കു മാത്രമാണ് അൽപമെങ്കിലും കുറവ്.
കുടുംബത്തെ കൂട്ടി ഒന്നുരണ്ട് മാസത്തേക്കു നാട്ടിൽ പോകുന്ന പ്രവാസിക്ക് കുറഞ്ഞത് അവരുടെ സ്വന്തം വസ്ത്രങ്ങളെങ്കിലും കയ്യിൽ കരുതാതെ പോകാനാവില്ല. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള സമ്മാനം കൂടിയാകുമ്പോൾ നിലവിലുള്ള ലഗേജ് പോലും തികയാത്ത സ്ഥിതിയാണ്. അതിനാൽ, ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ലെന്നും പ്രവാസികൾ പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലും വൻ വർധനയാണുണ്ടായിരിക്കുന്നത്. ചൂടു കാലമായതിനാൽ, യുഎഇയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള പോകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ, ടിക്കറ്റ് നിരക്കുവർധന പലരുടെയും അത്തരം യാത്രാസ്വപ്നങ്ങളും തച്ചുടയ്ക്കാനാണ് സാധ്യത. 6 മാസം മുൻപ് ടിക്കറ്റ് എടുത്തുവച്ചവർക്കാണ് താരതമ്യേന കുറഞ്ഞ നിരക്കിൽ സീറ്റുകൾ ലഭിച്ചത്. എന്നാൽ, അത്രയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്തവരാണ് ഭൂരിഭാഗവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല