1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2024

സ്വന്തം ലേഖകൻ: മധ്യവേനലവധിക്കു ശേഷം രാജ്യത്തു സ്കൂളുകൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, കേരളത്തിൽ നിന്നുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു. ഈ മാസം15 മുതൽ 1500 ദിർഹത്തിനു (34,000 രൂപ) മുകളിലാണ് നേരിട്ടുള്ള വിമാനങ്ങളുടെ നിരക്ക്. ഒന്നിലധികം സ്റ്റോപ്പുകളുള്ള, 8 മുതൽ 12 മണിക്കൂർ വരെ സമയമെടുത്തുള്ള സർവീസിന് 1000 ദിർഹത്തിനു (22,270 രൂപ) മുകളിലാണ് നിരക്ക്.

ഇതോടെ, കുടുംബത്തോടൊപ്പം നാട്ടിൽപോയ പ്രവാസികൾക്ക് മടക്കയാത്ര ദുഷ്കരമായി. 4 അംഗ കുടുംബത്തിനു കേരളത്തിൽ നിന്നു യുഎഇയിൽ എത്തണമെങ്കിൽ 6000 ദിർഹത്തിലധികം (1.36 ലക്ഷം രൂപ) മുടക്കേണ്ട അവസ്ഥയാണ്.

എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് പോലുള്ളവയുടെ വിമാനങ്ങളിലെ നിരക്കാണിത്. എമിറേറ്റ്സ് അടക്കമുള്ള വിദേശ വിമാനക്കമ്പനികളുടെ ടിക്കറ്റിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. 15ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സിലെ ടിക്കറ്റ് നിരക്ക് 1.14 ലക്ഷം രൂപയാണ് (5020 ദിർഹം). നാലംഗ കുടുംബത്തിന് എമിറേറ്റ്സിൽ വരണമെങ്കിൽ 4.5 ലക്ഷം രൂപ മുടക്കണം.

ലീവ് തീരുന്നതിനകം തിരികെ എത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യമുള്ളവർ കുട്ടികളെ നാട്ടിൽ നിർത്തി ഒറ്റയ്ക്കു മടങ്ങും. പിന്നീട്, സെപ്റ്റംബർ ആദ്യ ആഴ്ചകളിലായി കുടുംബത്തെ തിരികെയെത്തിക്കാനാണ് തീരുമാനം. കുട്ടികൾക്ക് രണ്ടാഴ്ചത്തെ ക്ലാസ് നഷ്പ്പെടുമെന്ന പ്രശ്നമുണ്ടെങ്കിലും ടിക്കറ്റ് നിരക്കിനു മുന്നിൽ കീഴടങ്ങുകയല്ലാതെ പ്രവാസികൾക്ക് മറ്റു മാർഗമില്ല.

കുടുംബവുമായി എത്തണമെന്നു കരുതുന്നവർ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും ലോണെടുത്തും ടിക്കറ്റ് വാങ്ങുകയാണ്. മിക്കവർക്കും നാട്ടിലേക്കു പോകാനും ഇത്രയും പണം മുടക്കേണ്ടി വന്നിരുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയും മങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.