സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാന കമ്പനികള്‍. ടിക്കറ്റ് നിരക്ക് മൂന്നു മുതല്‍ അഞ്ചിരട്ടി വരെയാണ് ഉയർത്തിയത്. അവധി കഴിഞ്ഞ് ഗള്‍ഫിലെ സ്കൂളുകള്‍ തുറക്കുന്ന സമയം നോക്കി പതിനായിരക്കണക്കിന് പ്രവാസികള്‍ മടങ്ങിപ്പോകാന്‍ തയാറെടുക്കുമ്പോഴാണ് ടിക്കറ്റ് നിരക്ക് ഗണ്യമായി കൂട്ടിയത്. സാധാരണക്കാരുടെ പൊക്കറ്റ് അടിക്കുകയാണ് വിമാന കമ്പനികളെന്നാണ് പ്രവാസികളുടെ പരാതി.
കുട്ടികളുടെ അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കും മുമ്പ് ഗള്‍ഫിലേക്ക് മടങ്ങുന്ന ഒരു നാലംഗ പ്രവാസി കുടുംബം ടിക്കറ്റിനായി ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ മുടക്കേണ്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക് 30,000 മുതല്‍ 98,000 വരെയാണ്. കോഴിക്കോട്ടൂന്ന് ദുബായിലേക്ക് പോകണമെങ്കില്‍ മിനിമം 45,000 രൂപ കൊടുക്കണം. അബുദാബിയിലേക്കുളള ടിക്കറ്റ് നിരക്ക് 35,000 മുതല്‍ 85,000 വരെയാണ്.
ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെല്ലാം ടിക്കറ്റ് നിരക്കിൽ വൻ വർധനവാണ്. സാധാരണ സമയങ്ങളില്‍ 10,000 മുതൽ 15,000 വരെ നിരക്കില്‍ കിട്ടുന്ന ടിക്കറ്റിനാണ് മിനിമം 30,000 മുതൽ ഒരു ലക്ഷം വരെ കൂട്ടിയത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുളള യാത്രക്ക് പ്രവാസികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്‍സൈറ്റില്‍ നിന്ന ലഭിക്കുന്ന വിവരമനുസരിച്ച് ഈ ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള യാത്രക്ക് മിനിമം 30,000 രൂപ കൊടുക്കണം. ചില വിമാനങ്ങള്‍ക്ക് ഈ തുക കയറിക്കയറി ഒരു ലക്ഷത്തിന് അടുത്ത് വരെ എത്തിയിട്ടുണ്ട്.
ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് കമ്പനികൾ തോന്നിയ പോലെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് സർവീസുകൾ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല