1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2025

സ്വന്തം ലേഖകൻ: ശൈത്യകാല അവധി ചെലവഴിക്കാന്‍ നാടണഞ്ഞ പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍. പുതുവര്‍ഷവും നാട്ടില്‍ ചെലവഴിച്ച് സ്‌കൂള്‍ തുറക്കും മുൻപ് മടങ്ങിയെത്തുന്നവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. വരും ദിവസങ്ങളില്‍ ഒമാനിലെ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ പുനഃരാരംഭിക്കും.

നാട്ടിലേക്കുള്ള നിരക്ക് കുറച്ചതിന് പിന്നാലെയാണ് മടക്ക യാത്രാ ടിക്കറ്റുകളും കുറഞ്ഞ നിരക്കില്‍ വിമാന കമ്പനികള്‍ ലഭ്യമാക്കിയിരിക്കുന്നത്. യാത്രക്കാര്‍ കുറഞ്ഞത് നിരക്ക് കുറയാനിടയാക്കി. അവസരം മുതലെടുത്ത് യുഎഇ ഉള്‍പ്പെടെ ഇതര ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ ഒമാന്‍ വഴി ടിക്കറ്റെടുത്തും യാത്ര ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് കോഴിക്കോട് – മസ്‌കത്ത് റൂട്ടിലും ഉയര്‍ന്ന നിരക്ക് തിരുവനന്തപുരം – മസ്‌കത്ത് റൂട്ടിലുമാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ജനുവരി ആറ് ഏഴിന് കോഴിക്കോട് നിന്ന് മസ്‌കത്തിലേക്ക് 38.735 റിയാലാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്ക് 44 റിയാലിന് വരെ ടിക്കറ്റുകളുണ്ട്. കണ്ണൂര്‍ സെക്ടറില്‍ നിന്നും 42.905 റിയാലിന് ടിക്കറ്റ് ലഭിക്കും. താരതമ്യേന ഉയര്‍ന്ന നിരക്കുള്ള തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലെത്താനും 55.186 റിയാലിന് ടിക്കറ്റ് ലഭ്യമാണ്.

സലാം എയര്‍ അടക്കം മുറ്റ ബജറ്റ് എയര്‍ലൈനിലും സമാന നിരക്കില്‍ ടിക്കറ്റുകളുണ്ട്. കോഴിക്കോട് നിന്ന് സലാലയിലേക്ക് 38 റിയാലും കൊച്ചിയില്‍ നിന്ന് 44.412 റിയാലുമാണ് നിരക്ക്. എന്നാല്‍, ജനുവരി ആദ്യ ദിവസങ്ങള്‍ കഴിഞ്ഞാല്‍ ടിക്കറ്റ് നിരക്ക് വീണ്ടും കുറയുന്നതായാണ് വെബ്‌സൈറ്റുകള്‍ നല്‍കുന്ന വിവരം.

അതേസമയം, ജനുവരി ആദ്യ വാരത്തില്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ക്ലാസുകള്‍ പുഃനരാരംഭിക്കും. അതിനാല്‍ തന്നെ, സ്‌കൂള്‍ തുറക്കും മുൻപ് കുറഞ്ഞ ചെലവില്‍ പ്രവാസി മലയാളികള്‍ക്ക് മടങ്ങിവരാനാകും. കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

ഇത്തവണ അവധിയുടെ ആഴ്ചകള്‍ക്ക് മുൻപ് ഉയര്‍ന്ന ടിക്കറ്റ് ഈടാക്കിയിരുന്ന വിമാന കമ്പനികള്‍ പിന്നീട് നിരക്ക് കുറച്ചിരുന്നു. ഇതേ തുടര്‍ന്ന് ചെലവ് കുറഞ്ഞ യാത്ര പലപ്രവാസികള്‍ക്കും സാധ്യമായി. പലരും ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായി നാട്ടിലേക്ക് പോവുകയും ചെയ്തു. നിരവധി കുടുംബങ്ങളും അവധിക്കാലത്ത് നാടണഞ്ഞിട്ടുണ്ട്. ഇവരെല്ലാം തന്നെ വരും ദിവസങ്ങളില്‍ മടങ്ങിയെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.