സ്വന്തം ലേഖകൻ: വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ് എടുത്തത്. വിമാനം മുംബൈയില്‍ എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ക്ക് യുവാവിനെ കൈമാറി. കേസെടുത്ത ശേഷം നോട്ടീസ് നല്കി ഇയാളെ വിട്ടയച്ചു.
ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണവും പുകയും വന്നതോടെയാണ് ജീവനക്കാര്‍ ഇവിടെ പരിശോധന നടത്തിയത്. തുടർന്ന് ശുചിമുറിയില്‍നിന്ന് ജീവനക്കാർ സിഗരറ്റ് കുറ്റി കണ്ടെത്തി. ഇതോടെ പുകവലിച്ചത് താനാണെന്ന് മുഹമ്മദ് സമ്മതിച്ചു. യുവാവിന്റെ പോക്കറ്റില്‍നിന്ന് ആറ് സിഗരറ്റുകള്‍ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
വിമാനത്തില്‍ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നു എന്ന് ഇയാള്‍ ഇന്‍ഡിഗോ ജീവനക്കാരോട് പറഞ്ഞു. തുടര്‍ന്ന് യുവാവിനെ മുംബൈയിലെ സഹാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് അബുദാബിയിലേക്ക് പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല