സ്വന്തം ലേഖകൻ: മുംബൈയിൽ കനത്തമഴയെത്തുടർന്ന് വിമാനസർവീസുകൾ തടസ്സപ്പെട്ടു. നഗരത്തിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. സയൺ, അന്ധേരി, ചെമ്പൂർ എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. വെള്ളിയാഴ്ച രാവിലെവരെ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനങ്ങൾ പുറപ്പെടുന്നതിന് കാലതാമസമുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസിന്റെ സമയക്രമം പരിശോധിക്കാനും യാത്രക്കാർക്ക് നിർദേശം നൽകി. സ്പൈസ് ജെറ്റ് എയർലൈൻസും സമാനമായ മുന്നറിയിപ്പ് യാത്രക്കാർക്ക് നൽകിയിട്ടുണ്ട്. ചില സർവീസുകൾ റദ്ദാക്കിയതായും ചിലത് വഴിതിരിച്ചുവിട്ടതായും എയർ ഇന്ത്യ അറിയിച്ചു.
മഹാരാഷ്ട്രയിലെ പുണെയിലും കനത്ത മഴ തുടരുകയാണ്. വിവിധ സംഭവങ്ങളിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേരടക്കം നാല് മരണവും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഴ രൂക്ഷമാകുന്നതിൽ ഭരണസംവിധാന ജാഗ്രത പാലിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ വ്യക്തമാക്കി. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് ഏജൻസികൾക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ സൈന്യവുമായി സംസാരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സഹായം തേടും. ജനങ്ങളെ എയർലിഫ്റ്റ് ചെയ്യാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. അത്യാവശ്യമില്ലെങ്കിൽ ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല