സ്വന്തം ലേഖകൻ: കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് ദുബായിയിൽ നിന്നു കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനം വൈകി. കനത്ത മഴയെത്തുടര്‍ന്ന് ദൂരക്കാഴ്ചയ്ക്ക് പ്രയാസം വന്നതോടെ ഇകെ532 എമിറേറ്റ് വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ രാവിലെ 6.20ഓടെ വിമാനം കൊച്ചിയില്‍ തിരിച്ചിറക്കുകയായിരുന്നു.
വിമാനം വൈകിയതോടെ കൊച്ചിയില്‍ നിന്ന് ദുബായിയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ സമയത്തില്‍ മാറ്റം വന്നു. പുലര്‍ച്ചെ 4.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രാവിലെ 10ന് ശേഷം മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടും ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഞായറാഴ്ചയും ഓറഞ്ച് അലർട്ടാണ്.
കാലവർഷം വരവറിയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ്. അതിശക്തമായി തുടരുന്ന മഴയിൽ തൃശ്ശൂർ നഗരത്തിൽ വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. നഗരത്തിന്റെ ഭൂരിഭാഗം റോഡുകളിലും വെള്ളപ്പൊക്കം രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു. ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയാണെന്നാണ് റിപ്പോർട്ട്.
തൃശ്ശൂരിൽ ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച മഴ ഇപ്പോഴും ശമിച്ചിട്ടില്ല. വ്യാപകമായ നാശനഷ്ടവും ജില്ലയിലുണ്ടായിട്ടുണ്ട്. നഗരത്തിലെ മൂന്ന് ആശുപത്രികളില്‍ വെള്ളം കയറി. ഇരിങ്ങാലക്കുടി, പൂതംകുളം ജങ്ഷന്, കുന്നംകുളം എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. വെള്ളം കയറിയതോടെ ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.വീടുകളിലും വെള്ളംകയറി.
ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം അല്പസമയത്തേക്ക് തടസ്സപ്പെട്ടു. തൃശ്ശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോതംകുളം സ്വദേശി നിമിഷ, വേലൂര്‍ സ്വദേശി ഗണേഷന് എന്നിവരാണ് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല