സ്വന്തം ലേഖകൻ: അപകടകരമാംവിധം അടുത്തെത്തിയ ചെറുവിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യു.കെയിലെ ക്രാന്‍ഫീല്‍ഡ് വിമാനത്താവളത്തില്‍ ജൂണ്‍ 21-നാണ് സംഭവം നടന്നത്. യു.കെ. എയര്‍ പ്രോക്‌സ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഡയമണ്ട് ഡി.എ 42 ട്വിന്‍ സ്റ്റാര്‍ എന്ന ഇരട്ട എഞ്ചിന്‍ വിമാനത്തിലെ പൈലറ്റ് ലാന്‍ഡിങ് പരിശീലിക്കുമ്പോഴാണ് സംഭവമുണ്ടായത്. ലാന്‍ഡിങ്ങിനായി വിമാനം താഴ്ത്തുന്നതിനിടെയാണ് ഒരു ചുവന്ന ഡെല്‍റ്റ ജെറ്റ് മൈക്രോലൈറ്റ് വിമാനം പൈലറ്റ് കണ്ടത്.
ഡയമണ്ട് ഡി.എ 42 വിമാനത്തില്‍ നിന്ന് 100 മുതല്‍ 200 വരെ അടി മാത്രം താഴെയായിരുന്നു ഡെല്‍റ്റ ജെറ്റ് വിമാനം. അടുത്ത വിമാനത്തിലെ പൈലറ്റ് ധരിച്ച ടീഷര്‍ട്ടിന്റെ നിറം തിരിച്ചറിയാന്‍ സാധിക്കുന്നത്ര അടുത്തായിരുന്നു വിമാനങ്ങളെന്ന് എയര്‍പ്രോക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് വിമാനത്തിലേയും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് അപകടമൊഴിവാക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഡെല്‍റ്റ ജെറ്റിന്റെ പൈലറ്റിന് തന്റെ വിമാനം ഈ മേഖലയിലുണ്ടായിരുന്നു എന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എ.ടി.സി) അറിയിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നുണ്ട്.
ഡി.എ 42 വിമാനത്തില്‍ ട്രാഫിക് അലര്‍ട്ട് സംവിധാനം ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് ഡെല്‍റ്റ ജെറ്റ് വിമാനത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞില്ല എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല