1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2024

സ്വന്തം ലേഖകൻ: കരിപ്പൂരിലിറങ്ങേണ്ട ഇരുപതോളം വിമാനങ്ങള്‍ ഒരാഴ്ചയ്ക്കിടെ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നതിന് കാരണം പ്രതികൂല കാലാവസ്ഥ മാത്രമല്ല. ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്.) ഓഫാക്കിയതു മൂലവും വിമാനങ്ങള്‍ തിരിച്ചുവിടേണ്ടി വരുന്നുണ്ട്. വഴിതിരിച്ചുവിട്ടതില്‍ ഭൂരിഭാഗം വിമാനങ്ങള്‍ക്കും കരിപ്പൂരില്‍ ഇറങ്ങാന്‍ കഴിയാതെപോയത് ഐ.എല്‍.എസ്. പ്രവര്‍ത്തിക്കാതിരുന്നത് മൂലമാണ്.

റണ്‍വേയുടെ പടിഞ്ഞാറുഭാഗത്തുള്ള ഐ.എല്‍.എസ്. അറ്റകുറ്റപ്പണികള്‍ക്കായി ഏപ്രില്‍ ആദ്യവാരമാണ് ഓഫ് ചെയ്തത്. മേയ് 25-ഓടെ പണി തീര്‍ക്കാമെന്നായിരുന്നു പ്രതീക്ഷ. മഴ കനക്കുകയും പണി ഇഴയുകയും ചെയ്തതോടെ കണക്കുകൂട്ടലുകള്‍ പാളി. ഐ.എല്‍.എസ്. സഹായം ഇല്ലാതായതോടെ 2400 മീറ്റര്‍ ഉയരത്തില്‍നിന്ന് പൈലറ്റിന് റണ്‍വേ കാഴ്ച ലഭിച്ചാല്‍ മാത്രമേ വിമാനം ഇറക്കാന്‍ കഴിയൂ. പ്രതികൂല കാലാവസ്ഥയില്‍ റണ്‍വേ കാഴ്ച കുറഞ്ഞതിനാല്‍ ഒട്ടേറെ വിമാനങ്ങള്‍ കരിപ്പൂരില്‍നിന്ന് തിരിച്ചുവിടേണ്ടി വന്നു.

പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷിത ലാന്‍ഡിങ്ങിന് പൈലറ്റിനെ സഹായിക്കുന്ന ഐ.എല്‍.എസിന്റെ മൂന്ന് ഭാഗങ്ങളാണുള്ളത്. ലോക്കലൈസര്‍, ഗ്ലൈഡ് പാത്ത്, ഡിസ്റ്റന്‍സ് മെഷര്‍ എക്യുപ്മെന്റ് (ഡി.എം.ഇ.) എന്നിവ. കരിപ്പൂരില്‍ ഗ്ലൈഡ് പാത്തിന് മുന്നില്‍ പുല്ല് വളര്‍ന്നതിനാല്‍ ആന്റിനയിലേക്കുള്ള റിഫ്‌ളക്ഷനില്‍ വ്യതിയാനം വരികയും ഐ.എല്‍.എസിന്റെ കൃത്യത കുറയുകയും ചെയ്തു. ഈ പ്രശ്‌നം ഒഴിവാക്കാന്‍ മുന്നില്‍ തറ നിരപ്പാക്കി, പുല്ല് വളരാതിരിക്കാന്‍ കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനാണ് ഐ.എല്‍.എസ്. ഓഫ് ചെയ്തത്. 30 മീറ്റര്‍ വീതിയില്‍ 120 മീറ്ററോളം നീളത്തില്‍ ഇന്റര്‍ ലോക്ക് വിരിക്കുകയാണ്. പണി തീര്‍ക്കാന്‍ ഇനിയും 15 ദിവസംകൂടി നീട്ടി നല്‍കിയിട്ടുണ്ട്.

ദീര്‍ഘമായ വേനല്‍ ലഭിച്ചിട്ടും റീ കാര്‍പെറ്റിങ്ങിനായി എട്ടു മാസത്തോളം പകല്‍ റണ്‍വേ അടച്ചിട്ടപ്പോഴും ചെയ്യാമായിരുന്ന പണിയാണിത്. ആസൂത്രണമില്ലായ്മ യാത്രക്കാര്‍ക്കൊപ്പം വിമാനക്കമ്പനികള്‍ക്കും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. കരിപ്പൂരില്‍നിന്ന് ഒരു വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടാല്‍ ഇന്ധന ഇനത്തില്‍ മാത്രം വിമാനക്കമ്പനിക്ക് അഞ്ചു ലക്ഷത്തോളം രൂപ ചെലവാകും. ഷെഡ്യൂള്‍ താളം തെറ്റുന്നതടക്കമുള്ള പ്രശ്നങ്ങള്‍ വേറെയും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായശേഷം കാലിബറേഷന്‍ വിമാനം പരിശോധന നടത്തണം. ഇതിനുശേഷമേ ഐ.എല്‍.എസ്. പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.