സ്വന്തം ലേഖകന്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. പറന്നുയരുന്നതിനിടെ പിഞ്ചക്രങ്ങള്‍ റണ്‍വേ ലൈറ്റിങ് സംവിധാനത്തില്‍ ഇടിച്ചു തകരുകയായിരുന്നു. പൈലററിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
173 യാത്രക്കാരുമായി കോഴിക്കോട്ടുനിന്നും ദുബായിലേക്ക് പോകേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയരുന്നിതിനിടെ വിമാനത്തിന്റെ ഇടതുചിറകിലെ എന്‍ജിനിലെ പ്രൊപ്പല്ലറിന്റെ ഗ്രില്ലുകള്‍ ഇളകിവീണു. ഇതേത്തുടര്‍ന്ന് വിമാനം ആടി ഉലഞ്ഞ് റണ്‍വേ ലൈറ്റിങ് സംവിധാനത്തിന്റെ പാനലുകളിലേക്ക് ഇടിച്ചു കയറുകയും വിമാനത്തിന്റെ പിന്‍ഭാഗത്തെ ചക്രങ്ങള്‍ പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നു.
അസാധാരണമായ കുലുക്കവും വിറയലും അനുഭവപ്പെട്ട യാത്രക്കാര്‍ വിമാനത്തില്‍ ബഹളംവെച്ചു. തുടര്‍ന്ന് വിമാനം ഏപ്രണിലേക്ക് തിരിച്ചു വിളിക്കുകയും റണ്‍വേ രണ്ടു മണിക്കൂര്‍ നേരത്തേക്ക് അടച്ചിടുകയും ചെയ്തു. ഇതുമൂലം കോഴിക്കോട്ടു നിന്നുള്ള നിരവധി വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് യാത്ര പുറപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല