സ്വന്തം ലേഖകന്‍: ഫ്‌ലിപ്കാര്‍ട്ടില്‍ മൊബൈല്‍ കച്ചവടം പൊടിപൊടിക്കുന്നു, പത്തു മണിക്കൂറില്‍ വിറ്റത് അഞ്ച് ലക്ഷം ഫോണുകള്‍. കടുത്ത എതിരാളികളായ സ്‌നാപ്ഡീലിനെ മറികടന്നാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ നേട്ടം. ഉത്സവ സീസണ്‍ പ്രമാണിച്ച് ബിഗ് ബില്യണ്‍ ഡേ എന്ന പേരിലാണ് ഫ്‌ലിപ്കാര്‍ട്ട് ഉപഭോക്താക്കളെ കൈയിലെടുത്തിരിക്കുന്നത്.
പത്ത് മണിക്കൂറിനുള്ളില്‍ ഫ്‌ലിപ്കാര്‍ട്ട് വിറ്റത് അഞ്ച് ലക്ഷം ഫോണുകളാണെന്നാണ് റിപ്പോര്‍ട്ട്. ഉത്സവ സീസണ്‍ പ്രമാണിച്ച് ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ കടകള്‍ വമ്പിച്ച വിലക്കുറവിലാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.
ഒക്ടോബര്‍ പതിമൂന്നു മുതല്‍ ആരംഭിച്ച ഓഫറുകള്‍ പതിനേഴു വരെ മാത്രമേ ലഭ്യമാകുകയുള്ളൂ. അതുകൊണ്ടു തന്നെ ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങി കൂട്ടാനുള്ള തിരക്കിലാണ്. പത്തു മണിക്കൂറിനുള്ളില്‍ വിറ്റ അഞ്ച് ലക്ഷം മൊബൈലില്‍ 75 ശതമാനവും ഫോര്‍ ജി ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഓഫറുകളില്‍ ഫോര്‍ ജി സ്മാര്‍ട്ട്‌ഫോണിനെയും ഉള്‍പ്പെടുത്തിയതോടെ ബെംഗളൂരു, ദില്ലി, മുംബൈ തുടങ്ങിയ 4ജി ലഭ്യമായ മെട്രോ നഗരങ്ങളില്‍ നിന്നുളളവരാണ് പകുതിയിലേറെ ഉപഭോക്താക്കളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല