സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പേമാരിയും വെള്ളപ്പൊക്കവും, മരണം 100 കവിഞ്ഞു, രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഇന്ത്യന്‍ നാവികസേന. കനത്ത മഴയെ തുടര്‍ന്ന് പ്രളയവും മണ്ണിടിച്ചിലുമുണ്ടായ ശ്രീലങ്കയുടെ തെക്കും പടിഞ്ഞാറും മേഖലകളില്‍ കനത്ത നാശനഷ്ടവും ആള്‍നാശവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 91 പേരെ കാണാതാവുകയും 40 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിനു കാരണം.
പ്രളയം രാജ്യത്തെ 14 ജില്ലകളിലെ രണ്ടു ലക്ഷത്തിലേറെ ആളുകളെ ബാധിച്ചിട്ടുണ്ട്. സംഭവത്തില്‍ 800ലേറെ വീടുകള്‍ തകര്‍ന്നതായും രാജ്യത്തെ ദുരന്തനിവാരണ കേന്ദ്രം വൃത്തങ്ങള്‍ അറിയിച്ചു. 14 വര്‍ഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ പ്രളയമാണിത്. ചില പ്രദേശങ്ങളില്‍ ഒരു വര്‍ഷം ലഭിക്കുന്ന മഴ ഒറ്റദിവസം പെയ്തിറങ്ങിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കന്‍ സൈന്യം ഹെലികോപ്ടറും മറ്റ് സജ്ജീകരണങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി നാവിക സേനയുടെ കപ്പലുകള്‍ ഇന്ത്യ വിട്ടു നല്‍കി. സൗത് ബേ ഓഫ് ബംഗാളില്‍ നിന്ന് ഐ. എന്‍.എസ് കിര്‍ച് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൊളംബോയിലേക്ക് തിരിച്ചിട്ടുണ്ട്. കൂടാതെ, ഭക്ഷണ സാധനങ്ങളും കുടിവെള്ളവും വസ്ത്രങ്ങളും മരുന്നും ഡോക്ടര്‍മാരുടെ സംഘവും മുങ്ങല്‍ വിദഗ്ധരും ഹെലികോപ്റ്ററുകളും മറ്റ് ദുരന്ത നിവാരണ ഉപകരണങ്ങളുമായി വിശാഖപ്പട്ടണത്തു നിന്ന് ഐ.എന്‍.എസ് ജലാശ്വനും ശ്രീലങ്കയിലേക്ക് തിരിക്കും.
ദുരിതാശ്വാസ സംവിധാനങ്ങളും മുങ്ങല്‍ വിദഗ്ധരുമായി കൊച്ചിയില്‍ നിന്ന് ഐ.എന്‍.എസ് ശാര്‍ദുല്‍ നേരത്തേ തന്നെ കൊളംബോയിലേക്ക് പോയിരുന്നു. 13 ജില്ലകളിലായി ഏകദേശം 50,000 ജനങ്ങളെ ദുരിതം ബാധിച്ചിട്ടുണ്ട്. 8000 ഓളം പേര്‍ ദുരിതബാധിത പ്രദേശത്തു നിന്ന് പലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. മഴ സംഹാര രൂപം പൂണ്ടതോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഐക്യരാഷ്ട്രസഭയുടെയും അയല്‍രാജ്യങ്ങളുടെയും അടിയന്തര സഹായം ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല