സ്വന്തം ലേഖകൻ: യുഎഇയിലെ പ്രളയത്തിൽ അകപ്പെട്ട വാഹനങ്ങളുടെ നഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ വീണ്ടെടുക്കുന്നതിന് വെബ്സൈറ്റ് തുറന്നു. ദുബായ് മീഡിയ സിറ്റി ആസ്ഥാനമായുള്ള ആംബർ കമ്യൂണിക്കേഷൻസ് ആണ് സൗജന്യ സേവനം ഒരുക്കിയത്. നമ്പർ പ്ലേറ്റ് കണ്ടുകിട്ടുന്നവർ വിവരം വെബ്സൈറ്റിലൂടെ കൈമാറി നഷ്ടപ്പെട്ടവരെ സഹായിക്കുന്ന രീതിയിലാണ് രൂപകൽപന.
കനത്ത മഴയെത്തുടർന്ന് മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ നൂറുകണക്കിന് ആളുകൾക്ക് ഒട്ടേറെ നഷ്ടമുണ്ടായിട്ടുണ്ട്. നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാലുണ്ടാകുന്ന നൂലാമാലകളുടെ ഗൗരവം മനസ്സിലാക്കിയാണ് ജനോപകാരപ്രദമായ വെബ്സൈറ്റിനു രൂപം നൽകിയതെന്ന് കണ്ണൂർ സ്വദേശിയും ഡയറക്ടറുമായ ഷൈനിൽ ഹാഷിം പറഞ്ഞു.
എളുപ്പം ഉപയോഗിക്കാവുന്ന വിധമാണ് സൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ പ്രതിസന്ധികളെ നേരിടാമെന്നും ക്രിയേറ്റീവ് ഹെഡ് ലെസ്‍ലി പോൾ പറഞ്ഞു. വെബ്സൈറ്റിലൂടെ ആരുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കില്ല. മാത്രമല്ല ഉപയോക്താക്കളുടെ സ്വകാര്യതയും ഡേറ്റ സുരക്ഷയും ഉറപ്പാക്കും.
യാത്രയ്ക്കിടെ എവിടെയെങ്കിലും നമ്പർ പ്ലേറ്റ് കണ്ടുകിട്ടിയാൽ അതിന്റെ ഫോട്ടോ, സ്ഥലം (ലൊക്കേഷൻ മാപ്പ്) എന്നിവ സഹിതം വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണം. നഷ്ടപ്പെട്ടവരുടെ പ്ലേറ്റ് നമ്പർ ടൈപ്പ് ചെയ്ത് സെർച് ചെയ്താൽ ഇവ എവിടെയുണ്ടെന്നു കണ്ടുപിടിക്കാം.
വെബ്സൈറ്റ്: www.whereismyplate.ae.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല