സ്വന്തം ലേഖകന്‍: നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് ‘ഫ്‌ളോറന്‍സ്’ അമേരിക്കന്‍ തീരത്തിന് തൊട്ടടുത്ത്; വിര്‍ജീനിയ, കരോലൈന മേഖലയില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്. യുഎസിന്റെ വടക്കുകിഴക്കന്‍ തീരദേശ മേഖലയിലെ 17 ലക്ഷത്തോളംപേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് കാലാവസ്ഥാ വിഭാഗം പറഞ്ഞു. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള ഫ്‌ളോറന്‍സിനെ അപകടകാരമായ കാറ്റഗറി നാലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കരയോടടുക്കുമ്പോഴേക്കും ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചിലെത്തുമെന്ന് മയാമി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹുറിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു. വടക്ക്, കിഴക്കന്‍ കരോലൈന, മേരിലന്‍ഡ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കന്‍ ജനതയുടെ സുരക്ഷയാണ് ഏറ്റവുംപ്രധാനമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
മുന്‍കരുതലായി ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ അനുസരിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന ഒട്ടേറെ പ്രചാരണപരിപാടികള്‍ അദ്ദേഹം റദ്ദാക്കി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 38 മുതല്‍ 50 സെന്റീമീറ്റര്‍വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. വീടുകളില്‍ തുടരുന്നത് അപകടമാണെന്നും ഉടന്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും നോര്‍ത്ത് കരോലൈന ഗവര്‍ണര്‍ റോയ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കി.
ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതിനാല്‍ ബുധനാഴ്ച ദേശീയ പാതകളില്‍ വലിയതോതില്‍ ഗതാഗതസ്തംഭനമുണ്ടായി. ഉള്‍പ്രദേശങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ ഒട്ടേറെ പ്രധാനപാതകളുടെ ഒരുവശത്തേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പൂര്‍ണ പ്രഹരശേഷിയുള്ളതാണ് ഫ്‌ളോറന്‍സെന്ന് ഫെമ ഭരണാധികാരി ബ്രോക് ലോങ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല