സ്വന്തം ലേഖകന്‍: അര മണിക്കൂറിനുള്ളില്‍ മൂന്നു ബാങ്കുകള്‍ കൊള്ളയടിച്ചതായി വീട്ടമ്മയുടെ കുറ്റസമ്മതം. അര മണിക്കൂറിനുള്ളില്‍ താന്‍ മൂന്നു ബാങ്കുകള്‍ കൊള്ളടയടിച്ചതായി ഫ്‌ളോറിഡ താമ്പബേയിലെ ക്ലിന്റി സാഞ്ചസ് എന്ന വീട്ടമ്മയാണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. ഫ്‌ലോറിഡയിലെ നിയമമനുസരിച്ച് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ദാരിദ്ര്യമാണ് തന്നെക്കൊണ്ട് ബാങ്ക് കവര്‍ച്ച ചെയ്യിച്ചതെന്നാണ് വീട്ടമ്മയുടെ വാദം. മകളുടെ ഗ്രാജ്വേഷന്‍ പാര്‍ട്ടിക്കു വേണ്ടിയും, വീട്ടുവാടക കൊടുക്കുവാന്‍ വേണ്ടിയുമായിരുന്നു കവര്‍ച്ചയെന്ന് ക്ലിന്റി പറഞ്ഞു. അടുത്തടുത്തുള്ള ചെറിയ ബാങ്കുകളാണ് വീട്ടമ്മ കൊള്ളയടിച്ചത്.
തോക്കുചൂണ്ടിയെത്തിയ സ്ത്രീക്കു മുന്നില്‍ പണം നല്‍കുകയല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. കഴിഞ്ഞ മെയ് 11 നാണ് സംഭവം നടന്നത്. എന്നാല്‍, അന്നേ ദിവസം വൈകുന്നേരം തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ കാര്‍ പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്.
നേരത്തെ ക്രിമിനല്‍ കേസുകളിലൊന്നും പെടാത്തതിനാല്‍ തന്നെ ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയേക്കില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. എന്തായാലും കുറ്റസമ്മതത്തോടെ പേരുകേട്ട കള്ളന്മാര്‍ക്കു പോലും ലഭിക്കാത്ത താര പരിവേഷമാണ് വീട്ടമ്മക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല