സ്വന്തം ലേഖകൻ: മിൽട്ടൺ ചുഴലിക്കാറ്റ് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെത്തി. ഫ്ളോറിഡയിൽ വലിയതോതിലുള്ള നാശനഷ്ടങ്ങൾക്കും മണിക്കൂറുകളോളമുള്ള വൈദ്യുതിമുടക്കത്തിനും മിൽട്ടൺ കാരണമായി. 30 ലക്ഷം ഉപഭോക്താക്കളെയാണ് വൈദ്യുതി ബന്ധം തകരാറിലായത് ബാധിച്ചത്. കാറ്റഗറി-3-ൽപ്പെടുന്ന ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം നേരത്തേ പ്രവചിച്ചതുപോലെ താംപ ബേ മെട്രോപൊളിറ്റൻ ഭാഗത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടായില്ല.
മിൽട്ടൺ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യം നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) പുറത്തുവിട്ടു. മധ്യ ഫ്ളോറിഡയ്ക്ക് മുകളിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ മിന്നലടിക്കുന്നതും ദൃശ്യത്തിൽ കാണാം. കൊടുങ്കാറ്റ് സംവിധാനത്തിനുള്ളിലെ ഈ ആകർഷകമായ ദൃശ്യം ഭൂമിയിൽ അനുഭവപ്പെടുന്ന തീവ്രമായ കാലാവസ്ഥയെയാണ് അടിവരയിടുന്നതെന്ന് വിദഗ്ധർ പറയുന്നു.
രണ്ടാഴ്ച മുമ്പ് ഹെലിൻ ചുഴലിക്കാറ്റ് സംസ്ഥാനത്ത് വീശിയടിച്ചപ്പോള്‍ അനുഭവപ്പെട്ട അത്രയും ഉയര്‍ന്ന ജലനിരപ്പ് നഗരത്തില്‍ അനുഭവപ്പെടുന്നില്ലെന്ന് താംപ മേയർ ജെയ്ൻ കാസ്റ്റർ പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് ഫ്ളോറിഡയിൽ മിൽട്ടൺ ചുഴലിക്കാറ്റ് കര തൊട്ടത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് വ്യാപകനാശനഷ്ടങ്ങൾക്കും ഇടയാക്കി. അതേസമയം താംപ വിമാനത്താവളത്തിന് ചുഴലിക്കാറ്റിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമാകുമെന്നാണ് കരുതുന്നത്.
സെൻ്റ് ലൂസി കൗണ്ടിയിലെ ഒരു റിട്ടയർമെൻ്റ് കമ്മ്യൂണിറ്റി ഹോം ചുഴലിക്കാറ്റിൽ തകർന്നതിനെ തുടർന്ന് നാല് പേർ മരിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെയോടെ കൊടുങ്കാറ്റ് ഫ്ലോറിഡ അറ്റ്ലാൻ്റിക് തീരത്ത് നിന്ന് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് കിഴക്കൻ തീരത്ത് താമസിക്കുന്ന ജനങ്ങളെ ബാധിക്കുമെന്നാണ് കരുതുന്നത്. 125 വീടുകളാണ് ഇതുവരെ തകർന്നതെന്ന് സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2,209 അമേരിക്കൻ വിമാനങ്ങൾ ഇതുവരെ സർവീസ് റദ്ദ് ചെയ്തിട്ടുണ്ടെന്ന് ഫ്ളൈറ്റ് ട്രാക്കിങ് പ്ലാറ്റ്ഫോമായ ഫ്ളൈറ്റ് അവെയർ റിപ്പോർട്ട് ചെയ്തു. ഇതിലേറെയും ഓർലാൻഡോ, താംപ, സൗത്ത്-വെസ്റ്റ് ഫ്ളോറിഡ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളാണ്.
അതേസമയം കാലാവസ്ഥാ നിരീക്ഷകരും എമർജൻസി മാനേജ്‌മെൻ്റ് ഉദ്യോഗസ്ഥരും ചേർന്ന് മിൽട്ടൻ്റെ പാതയും തീവ്രതയും ട്രാക്കുചെയ്യുന്നതിന് ഉപഗ്രഹ ഡാറ്റ നിരീക്ഷിച്ചുവരികയാണ്. സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകുന്നതിനും അടിയന്തര പ്രതികരണ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും അധികൃതർ ആശ്രയിക്കുന്നത് ഈ വിവരങ്ങളെയാണ്. നിലവിൽ കാറ്റഗറി 1 ചുഴലിക്കാറ്റായി മിൽട്ടൺ ദുർബലമായിട്ടുണ്ടെങ്കിലും ഉൾനാടുകളിൽ കൂടുതൽ ദുരിതം വിതയ്ക്കുന്നുണ്ടെന്നാണ് വിദഗ്ധാഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല