സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ സ്‌കൂള്‍ കൂട്ടക്കൊല; 19 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്. യു.എസ് സംസ്ഥാനമായ ഫ്‌ലോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പു നടത്തി 17 പേരെ കൊലപ്പെടുത്തിയ നികളസ് ക്രൂസ് കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. വെടിവെപ്പിനുശേഷം കടന്നു കളഞ്ഞ നികളസിനെ മണിക്കൂറിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടുത്ത ആത്മസംഘര്‍ഷമാണ് ക്രൂസിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ആകെ അടുപ്പമുണ്ടായിരുന്ന വളര്‍ത്തമ്മയുടെ മരണവും സ്‌കൂളില്‍ നിന്നുള്ള പുറത്താക്കലും ക്രൂസിനെ സാരമായി ബാധിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഫ്‌ലോറിഡയിലെ പാര്‍ക്‌ലാന്‍ഡിലെ പ്രായമുള്ള ദമ്പതികളുടെ രണ്ടു വളര്‍ത്തു പുത്രന്മാരില്‍ മൂത്തവനായിരുന്നു നികളസ്. പിതാവ് നേരത്തെ മരിച്ചു. അടുത്തിടെ അമ്മയും മരിച്ചതോടെ തീര്‍ത്തും ഒറ്റപ്പെട്ടു. സദാസമയവും നികളസ് മ്ലാനനും ഏകനുമായിരുന്നുവത്രെ.
പിന്നീട് ഈ പരിസരത്ത് താമസിച്ചിരുന്ന അയല്‍വാസികള്‍ക്ക് ശല്യക്കാരനുമായി മാറി. സ്വന്തമായി റൈഫിള്‍ കൈവശം വെച്ചിരുന്ന നികളസ് ക്രൂരപ്രവൃത്തികള്‍ ആസ്വദിച്ചിരുന്നുവത്രെ. മൃഗങ്ങളെയും ആളുകളെയും ഉപദ്രവിക്കുന്നതില്‍ നികളസ് ആനന്ദം കണ്ടെത്തി. പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച് അണ്ണാനെ കൊല്ലല്‍ പതിവായിരുന്നു. ഇതിനെ തന്റെ രണ്ട് വളര്‍ത്തുനായ്ക്കള്‍ക്ക് ഭക്ഷണമായി നല്‍കി. നായ്ക്കളെക്കൊണ്ട് ചെറിയ മൃഗങ്ങളെ കടിപ്പിച്ചു. മറ്റു കുട്ടികളുമായി സ്ഥിരമായി വഴക്കിട്ടു.
ഒരിക്കല്‍ ഒരു കുട്ടിയുടെ ചെവി കടിച്ചുമുറിച്ചു. അയല്‍വാസികളുടെ വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തി. സ്ഥിരമായി പൊലീസിനെ വിളിച്ചുവരുത്തേണ്ട ഗതികേടിലായിരുന്നു ഇവര്‍. ആകെ അടുപ്പമുണ്ടായിരുന്ന അമ്മയുടെ മരണത്തോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു പിന്നീടുള്ള താമസം. ഇതോടെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും ക്രൂസ് പ്രകടിപ്പിച്ചിരുന്നുവത്രെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല