സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ വെടിവപ്പ്, പ്രതി അഫ്ഗാന്‍ വേരുകള്‍ ഉള്ളയാള്‍, ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഫ്‌ലോറിഡയിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ നിശാക്ലബില്‍ വെടിവപ്പു നടത്തിയ ആക്രമി ഒമര്‍ മിര്‍ സിദ്ദിഖി ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാളാണെന്ന് സ്ഥിരീകരിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഞായറാഴ്ച പുലര്‍ച്ചെ നടന്നത്.
50 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ടു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒമര്‍ മിര്‍ സിദ്ദിഖി മാറ്റീന്‍ എന്ന ഭീകരനെ പോലീസിന് കീഴടക്കാനായത്. ന്യൂയോര്‍ക്കില്‍ ജനിച്ച സിദ്ദിഖിയുടെ മാതാപിതാക്കള്‍ അഫ്ഗാനില്‍ നിന്നും കുടിയേറിയതാണ്. ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള സിദ്ദിഖി ആക്രമണത്തിന് തൊട്ടുമുമ്പായി അമേരിക്കന്‍ അത്യാഹിത വിഭാഗത്തെ വിളിക്കുകയും ചെയ്തിരുന്നു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു തവണ ഇയാള്‍ സംശയത്തിന്റെ മുനയില്‍ അന്വേഷണം നടന്നയാളുമാണ്. ഇയാള്‍ മുമ്പും ഭീകരസംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ അന്വേഷണം നേരിട്ടിരുന്നു. ആക്രമണത്തിന് തൊട്ടു മുമ്പ് ഇയാള്‍ രണ്ടു തോക്കുകള്‍ വാങ്ങിയിരുന്നു. ഫ്‌ളോറിഡയില്‍ ഇയാള്‍ക്ക് ഗണ്‍ ലൈസന്‍സുമുണ്ടെന്ന് പോലീസ് കണ്ടെത്തി.
പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ന്നെ ക്‌ളബ്ബില്‍ 300 ലധികം പേരുള്ളപ്പോള്‍ തോക്കുമായി എത്തി തുരുതുരാ വെടിവെയ്ക്കുകയായിരുന്നു. 20 ലേറെ തവണ ഇയാള്‍ നിറയൊഴിച്ചു. വെടിവെയ്പ്പിന് ശേഷം ആള്‍ക്കാരെ ബന്ദികളാക്കിയ ഇയാളെ പിന്നീട് ക്‌ളബ്ബിനുള്ളിലേക്ക് നുഴഞ്ഞുകയറിയ പോലീസ് വെടിവെച്ചിടുകയായിരുന്നു. മകന്റെ പ്രവര്‍ത്തിയില്‍ പിതാവ് സിദ്ദിഖ് രാജ്യത്തോട് മാപ്പു പറഞ്ഞ് രംഗത്തെത്തി.
അതേസമയം, ഒമാര്‍ മാറ്റീന്‍ സംശയരോഗിയും അക്രമ സ്വഭാവമുള്ള ആളും ആയിരുന്നെന്ന് മുന്‍ ഭാര്യ. 50 പേരെ അയാള്‍ കൂട്ടക്കൊല ചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്ന ശേഷം താന്‍ എത്രയോ ഭാഗ്യവതി എന്നായിരുന്നു അവരുടെ പ്രതികരണം. അക്രമ സ്വഭാവമുള്ള മാനസീകരോഗി എന്നായിരുന്നു കൂട്ടക്കൊലയെക്കുറിച്ചുള്ള വാര്‍ത്തകളോട് അവര്‍ പ്രതികരിച്ചത്.
എട്ടു വര്‍ഷം മുമ്പ് ഓണ്‍ലൈന്‍ വഴി പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തതിന് പിന്നാലെയാണ് ഇയാളെ വിവാഹം കഴിക്കാന്‍ അവര്‍ തീരുമാനിച്ചത്. വിവാഹത്തിന് പിന്നാലെ ആദ്യമൊക്കെ സാധാരണഗതിയിലായിരുന്ന ജീവിതം പെട്ടെന്നാണ് മാറിമറിഞ്ഞത്. തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും വസ്ത്രം അലക്കിയില്ല എന്ന കാരണം പറഞ്ഞ് പോലും തല്ലുമായിരുന്നെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല