![](https://www.nrimalayalee.com/wp-content/uploads/2019/06/Qatar-Airways-best-airways-in-the-world.jpg)
സ്വന്തം ലേഖകൻ: 10 ലക്ഷം ഡോളര്‍, സ്വകാര്യ ജെറ്റില്‍ മാലിദ്വീപിലേക്ക് സ്വപ്‌ന യാത്ര, ബ്രാന്‍ഡ് ന്യൂ പോര്‍ഷെ കാര്‍… ഇവയൊക്കെയാണ് ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാരെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായ ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി ചേര്‍ന്ന് മികവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഖത്തര്‍ എയര്‍വെയ്‌സ് സംഘടിപ്പിക്കുന്ന ‘ഫ്ളൈ ആന്‍ഡ് വിന്‍’ കാപെയിനില്‍ പങ്കെടുക്കുന്ന യാത്രക്കാര്‍ക്കാണ് വന്‍ സമ്മാനങ്ങള്‍ നേടാന്‍ അവസരമുള്ളത്.
ഖത്തര്‍ എയര്‍വേയ്‌സ് ലോയല്‍റ്റി പ്രോഗ്രാമായ പ്രിവിലേജ് ക്ലബില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നതാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത. ഒപ്പം, ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ഏതെങ്കിലും ഒരു ഇടത്തേക്ക് യാത്ര ചെയ്യുകയും വേണം. 2021 നവംബര്‍ ഒന്നിനും 2022 ജനുവരി 31നും ഇടയില്‍ യാത്ര ചെയ്യുന്നവരെയാണ് മെഗാ മത്സരത്തിനായി പരിഗണിക്കുക.
ഖത്തര്‍ എയര്‍വെയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ qatarairways.com വഴിയോ ഏതെങ്കിലും ട്രാവല്‍ ഏജന്‍സി വഴിയോ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് അവര്‍ വാങ്ങി യാത്ര ചെയ്യുന്ന ഓരോ ടിക്കറ്റിനും സമ്മാനം നേടാന്‍ അവസരമുണ്ട്. നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. 2022 ഫെബ്രുവരി മാസത്തില്‍ വിജയികളെ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 10 ലക്ഷം യുഎസ് ഡോളര്‍, ഖത്തര്‍ എയര്‍വെയ്‌സിന്റെ ഒരു എക്‌സിക്യൂട്ടീവിനൊപ്പം മാലിദ്വീപിലേക്ക് സൗജന്യ താമസം ഉള്‍പ്പെടെയുള്ള സ്വകാര്യ ജെറ്റ് യാത്ര, ഏറ്റവും പുതിയ ബ്രാന്‍ഡ് പോര്‍ഷെ കാര്‍ എന്നിങ്ങനെ വമ്പന്‍ സമ്മാനങ്ങളാണ് വിജയികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഹമദ് വിമാനത്താവളവും ഏറ്റവും മികച്ച എയര്‍ലൈന്‍സായി ഖത്തര്‍ എയര്‍വെയ്‌സും തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷമെന്ന നിലയിലാണ് യാത്രക്കാര്‍ക്ക് മെഗാ സമ്മാന വാഗ്ദാനവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് ഏറ്റവും സുരക്ഷിതമായ യാത്രാനുഭവങ്ങള്‍ സമ്മാനിച്ചതിന് അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിംഗ് ഏജന്‍സിയായ സ്‌കൈട്രാക്‌സിന്റെ കോവിഡ് സേഫ്റ്റി റേറ്റിംഗില്‍ അഞ്ച് സ്റ്റാര്‍ നേട്ടവും ഇവ രണ്ടും കൈവരിച്ചിരുന്നു.
ഇവയ്ക്കു പുറമെ, ബെസ്റ്റ് എയര്‍ലൈന്‍ ഇന്‍ ദി മിഡിലീസ്റ്റ്, എയര്‍ ലൈന്‍ ഓഫ് ദി ഇയര്‍, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് തുടങ്ങിയ അവാര്‍ഡുകള്‍ക്കും ഖത്തര്‍ എയര്‍വെയ്‌സ് അര്‍ഹമാവുകയുണ്ടായി. അതിനിടെ, കോവിഡ് വ്യാപനത്തോടെ നിര്‍ത്തിവച്ച ഖത്തര്‍ എയര്‍വെയ്‌സിന്റെ എയര്‍ബസ് 380 സര്‍വീസ് പുനരാരംഭിക്കുന്നു. യാത്ര വിമാനങ്ങളിലെ ഭീമനാണ് ഖത്തര്‍ എയര്‍വെസിന്റെ എയര്‍ ബസ് 380.
കോവിഡ് വ്യാപനത്തോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലായിരുന്നുഎയര്‍ബസ് സര്‍വീസ് നിര്‍ത്തിവച്ചത്. കോവിഡിന്റെ വ്യാപനം കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു. ഡിസംബര്‍ 15 മുതല്‍ ലണ്ടനിലേക്കും പാരിസിലേക്കുമാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. 853 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള എയര്‍ബസിന് മണിക്കൂറില്‍ 1185 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല