സ്വന്തം ലേഖകൻ: പറക്കുംകാറുകള്‍ യു.എ.ഇ.യില്‍ അടുത്തവര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്‌ലയിങ് കാര്‍ നിര്‍മാതാക്കളായ ആര്‍ച്ചര്‍ അറിയിച്ചു. പ്രവര്‍ത്തനമികവിലും അടിസ്ഥാനസൗകര്യങ്ങളിലും പറക്കുംകാറുകള്‍ കാര്യമായ പുരോഗതി കൈവരിച്ചുകഴിഞ്ഞു.
പറക്കുംകാറുകള്‍ യു.എ.ഇ.യില്‍ നിര്‍മിക്കുന്നതിനും അബുദാബിയില്‍ അന്താരാഷ്ട്ര ആസ്ഥാനം സ്ഥാപിക്കാനും ആര്‍ച്ചര്‍ ഈവര്‍ഷമാദ്യം നിക്ഷേപം നടത്തിയിരുന്നു. സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇത്തിഹാദ് ട്രയിനിങ്, ഫാല്‍ക്കണ്‍ ഏവിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
എയര്‍ക്രാഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ യോഗ്യരായ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനുമുള്ള ചുമതല ഇത്തിഹാദ് ഏവിയേഷനാണ്. എയര്‍പോര്‍ട്ട്, പൈലറ്റ്, കാബിന്‍ ക്രൂ എന്നിവര്‍ക്കായുള്ള പരിശീലന കോഴ്സുകളാണ് ഇത്തിഹാദ് വാഗ്ദാനം ചെയ്യുന്നത്. ഫാല്‍ക്കണ്‍ ഏവിയേഷന്റെ സഹകരണത്തോടെയാണ് അബുദാബിയിലും ദുബായിലും വെര്‍ട്ടിപോര്‍ട്ട് ശൃംഖല വികസിപ്പിക്കുന്നത്.
മൂല്യനിര്‍ണയത്തിനായി ആദ്യ പറക്കുംകാര്‍ ആര്‍ച്ചര്‍ ഏവിയേഷന്‍ യു.എസ്. എയര്‍ ഫോഴ്സിന് കൈമാറിയിരുന്നു. യാത്രാസേവനങ്ങള്‍ ആരംഭിക്കുന്നതിനുമുന്നോടിയായി സെപ്റ്റംബറോടെ പറക്കുംകാറുകള്‍ 400-ലേറെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എയര്‍ കാറുകളുടെ ഭാരം, പ്രകടനനിലവാരം തുടങ്ങിയവ വിലയിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ നടത്താനും പരീക്ഷണപ്പറക്കലുകള്‍ നിര്‍ണായകമായിട്ടുണ്ട്. പൈലറ്റുള്‍പ്പടെ അഞ്ചുപേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ദുബായ്-അബുദാബി യാത്രാസമയം 90 മിനിറ്റില്‍നിന്ന് 10 മുതല്‍ 20 മിനിറ്റുവരെയായി കുറയും.
ഇതിനായി ഏകദേശം 800 ദിര്‍ഹം മുതല്‍ 1500 ദിര്‍ഹം വരെയാണ് ചെലവ് കണക്കാക്കുന്നത്. സ്വകാര്യയാത്രകള്‍ക്ക് ആഡംബര എയര്‍ ടാക്‌സികളും ലഭ്യമാക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും എയര്‍ ടാക്‌സി സര്‍വീസുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല