1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2012

തെംസ് നദിക്കു കുറുകെ ലണ്ടന്റെ ആകാശക്കാഴ്ചകളിലേക്ക് മിഴിതുറന്ന് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കേബിള്‍ കാര്‍ പദ്ധതി ഒരുങ്ങുന്നു. ഈ വര്‍ഷം ഒളിമ്പിക് മത്സരങ്ങള്‍ക്ക് അരങ്ങാകുന്ന ലണ്ടനില്‍, തെംസിന് ഇരുകരകളിലുമായുള്ള രണ്ട് പ്രധാന മത്സരവേദികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് ഉദ്ദേശം 480 കോടി രൂപ നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന കേബിള്‍ കാര്‍ പദ്ധതി.

തെംസ് നദിയില്‍ സ്ഥാപിക്കുന്ന, മുന്നൂറ് അടി വീതം ഉയരമുള്ള കൂറ്റന്‍ തൂണുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കേബിളുകളിലൂടെ ‘ഗോണ്ടോളാസ്’ എന്നു വിളിക്കുന്ന പാസഞ്ചര്‍ കാബിനുകള്‍ (കേബിള്‍ കാര്‍) ഓടിക്കുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി (നദികളില്‍ ഉപയോഗിക്കുന്ന പരമ്പരാഗത വഞ്ചികള്‍ക്കു പറയുന്ന പേരാണ് ഗോണ്ടോളകള്‍).

തെംസിന്റെ തെക്കേ തീരത്ത്, ഒളിമ്പിക്സിലെ ജിംനാസ്റ്റിക്സ്, ബാസ്കറ്റ്ബാള്‍ മത്സരങ്ങളുടെ ഫൈനല്‍ നടക്കുന്ന നമ്പര്‍ ടൂ അരീനയേയും, മറ്റ് ആറ് പ്രധാന മത്സരങ്ങള്‍ക്ക് വേദിയാകുന്ന കിഴക്കന്‍ ലണ്ടനേയും ബന്ധിപ്പിച്ചുകൊണ്ടാവും ഈ ആകാശ സവാരി. ഒളിമ്പിക്സിനു മുന്നോടിയായി, നഗരത്തിലെ യാത്രാ തിരക്ക് ഒഴിവാക്കാനാണ് കേബിള്‍ കാര്‍ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെങ്കിലും, ഒളിമ്പിക്സിനു ശേഷവും ലണ്ടനിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.

തെംസില്‍ ഉയരുന്ന ഭീമന്‍ തൂണുകളിലൂടെ ആദ്യ ഘട്ടത്തില്‍ 34 കേബിള്‍ കാറുകളായിരിക്കും സര്‍വീസ് നടത്തുക. ഓരോന്നിനും പത്തു യാത്രക്കാരെ വഹിക്കാനാകും. ഇങ്ങനെ മണിക്കൂറില്‍ കാല്‍ലക്ഷത്തോളം സഞ്ചാരികളെ അകാശക്കാഴ്ചകള്‍ കണ്ട് അക്കരയിക്കരെ കടത്തുന്നതായിരിക്കും ലണ്ടന് അഭിമാനമാകുന്ന നവീന പദ്ധതി.

ലണ്ടന്‍ ടവര്‍ ബ്രിഡ്ജിനു സമീപം നിര്‍മ്മാണത്തിലിരിക്കുന്ന പിരമിഡ് ആകൃതിയിലുള്ള ആകാശഗോപുരം ഉള്‍പ്പെടെ നിരവധി അംബരചുംബികളുടെ ശില്പികളായ ‘മേസ്’ കമ്പനിക്കാണ് കേബിള്‍ കാര്‍ പദ്ധതിയുടെയും നിര്‍മ്മാണച്ചുമതല. തെംസിനു മുകളിലൂടെ ഇളംകാറ്റേറ്റുകൊണ്ടുള്ള യാത്രയില്‍ ലണ്ടനിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളുടെയെല്ലാം ദൂരക്കാഴ്ച ആസ്വദിക്കാമെന്നതാണ് പ്രധാന സവിശേഷത. എന്തായാലും മുടക്കുമുതലിന്റെ വലിപ്പംകൊണ്ട് ലണ്ടനില്‍ കൌതുക വര്‍ത്തമാനമെന്നതുപോലെ വിവാദ കഥാപാത്രവുമായിരിക്കുകയാണ് ഈ ആകാശയാന പദ്ധതി. ജൂലായ് 27 മുതല്‍ ഓഗസ്റ്റ് 12 വരെയാണ് ലണ്ടന്‍ ഒളിമ്പിക്സ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.