അജിമോന്‍ ഇടക്കര,
നാളെ ജൂണ്‍ 27 ശനിയാഴ്ച വോക്കിങ്ങില്‍ വച്ചു നടക്കുന്ന ഫോബ്മ– ഡബ്ലിയൂഎംസീഎ ഓള്‍ യൂക്കെ ബാഡ്മിന്റണ് റ്റൊര്‍ണമ്ന്റിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയതായി ആതിഥേയരായ വോക്കിങ്ങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ഡബ്ലിയൂഎംസീഎ) ഭാരവാഹികള്‍ അറിയിച്ചു. ഫോബ്മയുടെ രണ്ടാമത്തെ ഓള്‍ യൂക്കെ ടൂര്‍ണമെന്റിനും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ആവേശകരമായ പ്രതികരണമാണു ലഭിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കൊപ്പം, 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കും ആയി ദേശീയ തലത്തില്‍ കാഷ് പ്രൈസോടുകൂടി ഒരു പ്രൊഫഷനല്‍ ടൂര്‍ണമെന്റ് യൂക്കെയില്‍ ആദ്യമായാണു സംഘടിപ്പിക്കപ്പെടുന്നു, എന്നതാണു ഈ ടൂര്‌നമെന്റിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ചില അവസാന നിമിഷ ക്യാന്‍സലേഷനുകള്‍ കാരണം ഇരു വിഭാഗങ്ങളിലും ഏതാനും ടീമുകള്‍ക്ക് കൂടി പങ്കെടുക്കുവാന്‍ അവസരമുണ്ടാകും. പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കളിക്കാരും രാവിലെ 9 മണിക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 9.30 നു മത്സരങ്ങള്‍ തുടങ്ങുന്നതായിരിക്കും.
യൂക്കെയിലെ മലയാളി സമൂഹത്തിന്റെ കലാ കായിക സാംസ്‌കാരിക അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി രൂപം കൊണ്ട ഫോബ്മയുടെ രണ്ടാമത് ഓള്‍ യൂക്കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആണ് നാളെ ജൂണ്‍ 27 ശനിയാഴ്ച വോക്കിങ്ങ് അഡല്‍സ്റ്റോണ്‍ ലെഷര്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നത്. വളര്‍ന്നു വരുന്ന തലമുറയുടെ കലാ കായിക സാംസ്‌കാരിക ഉന്നമനം ലക്ഷ്യമാക്കിയാണ് ഫോബ്മയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ. ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും ഉന്നത നിലവാരം പുലര്‍ത്തിയ ‘സര്‍ഗ്ഗം 2015’ എന്ന ഫോബ്മയുടെ സാഹിത്യോത്സവം കഴിഞ്ഞ ഞായറാഴ്ച ബര്‍മിങ്ങ്ഹാമില്‍ വച്ചാണു വിജയകരമായി കൊണ്ടാടിയത്. മലയാള സാഹിത്യ ലോകത്തിലെ ഭീഷ്മാചാര്യര്‍ ആയ പത്മഭൂഷന്‍ കാവാലം നാരായണ പണിക്കരുടെ മഹനീയ സാന്നിദ്ധ്യം കൊണ്ടു അനുഗ്രഹീതരായാണു നൂറു കണക്കിനു സാഹിത്യ പ്രേമികള്‍ പരിപാടി കഴിഞ്ഞു മടങ്ങിയത്.
യൂകെ മലയാളികള്‍ക്ക് സുപരിചിതരായ, ഇന്‍ഷുറന്‍സ്, മോര്‍ട്‌ഗേജ് അടക്കം ഉള്ള എല്ലാവിധ സാമ്പത്തിക സേവനങ്ങളും കൃത്യമായി നല്കുന്ന അലൈഡ് ഫിനാന്‍സ്, കുറഞ്ഞ നിരക്കില്‍ നാട്ടിലേയ്ക്കു വിളിക്കാന്‍ സൌകര്യമൊരുക്കുന്ന റിംഗ് ടൂ ഇന്ത്യ , കുറഞ്ഞ നിരക്കില്‍ എയര്‍ ടിക്കറ്റ് അടക്കം ഉള്ള യാത്രാ സൗകര്യങ്ങളും നാട്ടിലേയ്ക്കു സുരക്ഷിതമായി പണം അയയുക്കുവാനുമുള്ള സൗകര്യങ്ങളും ചെയ്തു തരുന്ന മുത്തൂറ്റ് , എന്നെ പ്രശസ്ത മലയാളി ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടുകൂടിയാണു ഫോബ്മ ഈ വര്‍ഷത്തേയും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
മുതിര്‍ന്നവരുടെ ഡബിള്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 250 പൗണ്ട് ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനക്കാര്‍ക്കു 150 ക്യാഷ് അവാര്‍ഡും സെമിയില്‍ തോല്ക്കുന്ന രണ്ടു ടീമുകള്‍ക്കും 100 പൌണ്ട് വീതം ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. കുട്ടികളുടെ സിംഗിള്‍സ് മത്സരത്തില്‍ ഒന്നാം സമ്മാനം 100 പൗണ്ട് ക്യാഷ് അവാര്‍ഡും രണ്ടാം സമ്മാനം 75 പൌണ്ട് ക്യാഷ് അവാര്‍ഡും സെമിയില്‍ തോല്ക്കുന്ന രണ്ടു പേര്‍ക്കും 50 പൗണ്ട് ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. കൂടാതെ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രോഫികളും മെഡലുകളും നല്‍കുന്നതാണ്.
സിംഗിള്‍സ് രജിസ്‌ട്രേഷന്‍ ഫീസ് 10 പൗണ്ടും ഡബിള്‍സ് രജിസ്‌ട്രേഷന്‍ ഫീസ് ടീമിനു 30 പൗണ്ടും ആയിരിക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിയും ആരെങ്കിലുമുണ്ടെങ്കില്‍ sports.fobma@gmail.com എന്ന ഈ മെയില്‍ വിലാസത്തിലേക്ക് പങ്കെടുക്കുന്ന വ്യക്തികളുടേയും ടീമിന്റെയും പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഈ മെയില്‍ അഡ്രസ് എന്നിവ സഹിതം ഉടന്‍ മെയില്‍ അയയ്ക്കുക. കുട്ടികള്‍ വയസ്സ് കൂടി ഈമെയിലില്‍ ഉള്‍പ്പെടുത്തുകയും പ്രായം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ മത്സര ദിവസം കൊണ്ടു വരേണ്ടതുമാണു.
ടൂര്‍ണമെന്റിലെ ആദ്യ റൌണ്ട് മത്സരങ്ങള്‍ ലീഗ് ഫോര്‍മാറ്റില്‍ നടക്കുന്നതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും കുറഞ്ഞത് നാല് മത്സരങ്ങള്‍ എങ്കിലും കളിക്കാന്‍ സാധിക്കും. ചാമ്പ്യന്‍ ഷിപ്പില്‍ മാറ്റുരയ്ക്കുന്ന ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ചായിരിക്കും പ്രാഥമിക റൗണ്ട് മത്സരം നടക്കുക. ഒരോ ടീമും നാല് കളികള്‍ വീതം നടത്തിയ ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ നോക്കൌട്ട് റൗണ്ടിലേയ്ക്കു പ്രവേശിക്കും. ഈ ഫോര്‍മാറ്റ് പരീക്ഷിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു മത്സരത്തില്‍ മോശം ആയതിന്റെ പേരില് ഒരു ടീമും പുറത്തു പോവുകയില്ല. മത്സരത്തെ തുടര്‍ന്നു ചേരുന്ന പൊതു സമ്മേളനത്തില്‍ വച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സരത്തിനെത്തുന്നവര്‍ക്കും കാണികള്‍ക്കും മിതമായ നിരക്കില്‍ സ്റ്റേഡിയത്തിനു സമീപം പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ലഭ്യമായിരിക്കും.
ടൂര്‍ണമെന്റുകള്‍ നടത്തി പരിചയമുള്ള പ്രഗത്ഭ സംഘാടകനും വോക്കിങ്ങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ലോറന്‍സ് സേവ്യറിന്റെ നേതൃത്വത്തില്‍ ഈ കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു . ജോയ് പൗലോസ് (പ്രസിഡന്റ്), ലിയോ ജോര്‍ജ് (സെക്രട്ടറി) എന്നിവരടങ്ങുന്ന നിലവിലെ ഡബ്ലിയൂഎംസീഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം ഈ പരിപാടി ഒരു കായിക പ്രേമികളുടെ ഒരു ഉത്സവം ആക്കി തീര്‍ക്കുവാന്‍ ഫോബ്മയ്‌ക്കൊപ്പം ഉണ്ട്. മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് info.fobma@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ഫോബ്മ കായിക വിഭാഗം കോര്‍ഡീനേറ്റര്‍ ജോഷി വര്‍ഗീസ് (Ph. 07728324877), ടൂര്‍ണമെന്റ് കണ്‍വീനര്‍ ലോറന്‍സ് സേവ്യര്‍ (Ph. 07588844565 ) ഫോബ്മ നാഷണല്‍ കമ്മിറ്റി അംഗം സോണി ജോര്‍ജ് (Ph. 07897927209) എന്നിവരുടെ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.
മറ്റ് സമാന സംഘടനകള്‍ക്ക് പോലും മാതൃക ആയി യൂക്കെ മലയാളികള്‍ക്കിടയില്‍ ഫോബ്മ എന്നും ജനോപകാര പ്രദമായ നൂതന പരിപാടികള്‍ അവതരിപ്പിച്ചു ജന ഹൃദയങ്ങളില്‍ ഇടം പിടിക്കാറുണ്ട്. യൂക്കെ മലയാളികള്‍ക്കിടയില്‍ ദേശീയ തലത്തില്‍ ഇ മാഗസിന്‍, ദേശീയ തല സാഹിത്യ മത്സരങ്ങള്‍, സപ്ലിമെന്റരി സ്‌കൂളുകളുടെ പ്രചുര പ്രചാരം എന്നിവ അവയില്‍ ചിലത് മാത്രം. മികച്ച സംഘാടനവും സമയ നിഷ്ടയും നിഷ്പക്ഷവും കുറ്റമറ്റതുമായ വിധി നിര്‍ണ്ണയവും ഫോബ്മയുടെ ആദ്യ കലോല്‍സവത്തെ വ്യത്യസ്തവും വിമര്‍ശകരുടെ പോലും മുക്ത കണ്ഠ പ്രശംസക്ക് അര്‍ഹവുമാക്കി. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകം നടത്തുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും ഇത്തരത്തിലുള്ള ഒരു പുതിയ ചുവടു വയ്പ്പാണു. 12 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും അവസരം നല്കി കൊണ്ടാണു ഫോബ്മ തന്റെ വേറിട്ട വഴികളിലൂടെയുള്ള ജൈത്ര യാത്ര തുടരുന്നത്. യൂക്കെ മലയാളികളുടെ ഇടയിലെ പുതു തലമുറയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണു ഫോബ്മയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ. പെണ്‍കുട്ടികളേയും സ്ത്രീകളേയും സമയ പരിമിതി മൂലം ഇത്തവണ ഉള്‍പ്പെടുത്താന്‍ കഴിയുകയില്ലെങ്കിലും താല്‍പര്യം ഉള്ളവര്‍ അറിയിക്കുക ആണെങ്കില്‍ അവര്ക്കും സമീപ ഭാവിയില്‍ അവസരം ഒരുക്കുന്നതായിരിക്കും .
മത്സരം നടക്കുന്ന വേദിയുടെ വിലാസവും സമയവും
On 27th June Saturday 9 AM to 6 PM
At Addlestone Leisure Cetnre, School Lane, Addlestone,
Surrey KT15 1TD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല