സ്വന്തം ലേഖകന്‍
ഒരു സമാന്തര സംഘടനയോ അധികാരമോ അല്ല മറിച്ച് സംഘടനയ്ക്കുള്ളില്‍ ജനാധിപത്യമര്യാദകള്‍ പുലരണം എന്നതാണു ലക്ഷ്യം എന്ന നിലപാട് അടിവരയിട്ടുറപ്പിച്ചു കൊണ്ട് ജനാധിപത്യ മൂല്യങ്ങളെ മാനിക്കുന്ന ഒരു സംയുക്ത പൊതുയോഗത്തിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന് ഇന്നലെ ബര്‍മിങ്ങ്ഹാമില്‍ കൂടിയ ഫോബ്മ പൊതുയോഗം തീരുമാനിച്ചു. ഫോബ്മ ഒരു പിളര്‍പ്പിലേയ്ക്കു പോകരുത് എന്നാ അംഗ അസോസിയേഷന്‍ പ്രതിനിധികളുടെ ആഗ്രഹമാണ് ഇങ്ങനെയൊരു പ്രമേയം പാസാക്കുവാന്‍ കാരണമായത്. ഇന്നലെ വിളിച്ചിരുന്ന പൊതുയോഗത്തില്‍ നോട്ടീസ് നല്കിയതിനു ശേഷം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും അത് കാരണം പ്രസിഡണ്ടും ഏതാനും കമ്മിറ്റി അംഗങ്ങളും പങ്കെടുക്കാത്തതിനാലും ഒരിക്കല്‍ കൂടി നാഷണല്‍ കമ്മിറ്റിയുടെ അഭിപ്രായം എടുത്ത് പ്രസിഡണ്ടും സെക്രട്ടറിയും ഒരുമിച്ചു ജനാധിപത്യ മര്യാദകള്‍ അനുസരിച്ചുള്ള ഒരു പൊതുയോഗം സംഘടിപ്പിക്കുവാനും അത് വരെ ഫോബ്മയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പരിപൂര്‍ണ്ണ പിന്തുണ നല്കുവാനും പ്രമേയത്തിലൂടെ യോഗത്തില്‍ പങ്കെടുത്ത 17 അംഗ അസോസിയേഷന്‍ പ്രതിനിധികളും ആവശ്യപെട്ടു.
ഇപ്പോള്‍ നടത്തും എന്ന് പ്രസിഡന്റ് അജിത് പാലിയത്ത് അറിയിച്ചിരിക്കുന്ന പൊതുയോഗം വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ജനാധിപത്യ പരമായ രീതിയില്‍ 30 ദിവസത്തെ നോട്ടീസ് നല്കി സൌകര്യപ്രദമായ ദിവസം മെയ് മാസത്തിനു മുന്‍പ് നടത്തണമെന്നും എല്ലാവരും തല്‍സ്ഥാനങ്ങളില്‍ പഴയത് പോലെ തന്നെ തുടരണം എന്നും പ്രമേയത്തില്‍ പൊതുയോഗം ആവശ്യപെട്ടിട്ടുണ്ടു. ഇക്കാര്യങ്ങള്‍ സുഗമമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തുവാനും ഈ തീരുമാനങ്ങള്‍ പ്രസിഡന്റ് അജിത് പാലിയത്ത് അടങ്ങുന്ന ഗ്രൂപ്പിനെ അറിയിക്കുവാനും സമവായ ചര്‍ച്ചകള്‍ നടത്തുന്നതിനും ഒരു അഞ്ചംഗ നിഷ്പക്ഷ സമിതിയേയും തിരഞ്ഞെടുത്തു. ഫോബ്മ ആംഗ്ലിയ റീജിയന്‍ സെക്രട്ടറി ജോമോന്‍ മാമ്മൂട്ടില്‍ (ബെഡ്‌ഫോര്‍ഡ്), വെയില്‌സ് റീജിയന്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ് മൂലേപറംബില്‍ (സ്വാന്‍സീ), മലയാളീ ഫ്രണ്ട്‌സ് കള്‍ച്ചറല്‍ അസോസിയേഷന്‍ (സ്റ്റോക് ഓണ്‍ ട്രെന്റ്) പ്രതിനിധി ജോഷി വര്‍ഗീസ്, ഫോബ്മ ദേശീയ കമ്മിറ്റി ട്രഷറര്‍ കിരണ്‍ ജോസഫ് (ലെസ്റ്റര്‍), ഫോബ്മ ചില്‍ഡ്രന്‍ & യൂത്ത് കോര്‍ഡിനേറ്റര്‍ ടോമി സെബാസ്‌റ്യന്‍ തുടങ്ങിയ പ്രഗത്ഭരും നിഷ്പക്ഷരും ആയ അഞ്ചു പേര്‍ ആണു സമവായ ചര്‍ച്ചകള്‍ നയിക്കുക. ഒരു കൂട്ടര്‍ ഏക പക്ഷീയമായി സമവായ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്നു എന്നാ ആരോപണം ഒഴിവാക്കുവാനും തുറന്ന മനസോടെ, നേരീട്ടുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിവാക്കി സമാധാനപരമായും സുതാര്യമായും ചര്‍ച്ചകള്‍ നടത്താന്‍ ഈ അഞ്ചംഗ സമിതിയുടെ നിയമനം സഹായിക്കും. പങ്കെടുക്കും എന്നറിയിച്ചിരുന്ന 22 അസോസിയേഷനുകളില്‍ അഞ്ച് അസോസിയേഷനുകള്‍, സെക്രട്ടറിയും പ്രസിഡന്റും ഒന്ന് ചേര്‍ന്നു ഐക്യത്തില്‍ വിളിക്കുന്ന പൊതുയോഗത്തിലെ പങ്കെടുക്കൂ എന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു
ആദര്‍ശങ്ങളും ധാര്‍മ്മിക മൂല്യങ്ങളും നഷ്ടപ്പെടാത്തവര്‍ ഇനിയും സംഘടനയില്‍ ഉണ്ടു എന്ന് തെളിയിച്ച, നിസ്വാര്‍ത്ഥ സംഘടന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ക്കും മാതൃകയാക്കാവുന്ന ഒരു ഉദാത്ത നടപടിയാണ് ഫോബ്മയുടെ ഭൂരിപക്ഷ അംഗ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്ത ഫോബ്മ പൊതുയോഗത്തില്‍ ഉടലെടുത്തത്. പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ഏതാനും കമ്മിറ്റീ അംഗങ്ങള്‍ പൊതുയോഗം വേണ്ട എന്ന രീതിയില്‍ സ്വന്തമായി അടുത്ത ഭരണ സമിതിയെ തന്നെ തീരുമാനിക്കുന്നു എന്ന് വന്ന ഒരു ഘട്ടത്തില്‍ ആണു ജനാധിപത്യ മര്യാദകള്‍ പുലരണം എന്നാഗ്രഹിച്ച അജിമോനും കൂട്ടരും നേരത്തെ പ്രഖ്യാപിച്ച പൊതുയോഗവുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചത്. ഈ പൊതുയോഗത്തില്‍ പങ്കെടുക്കുന്നവരുടെ പൊതുവായ അഭിപ്രായം മാനിക്കും എന്ന് വാക്ക് കൊടുത്ത ഫോബ്മ ജനറല്‍ സെക്രട്ടറി അജിമോന്‍ ഇടക്കര, വൈസ് പ്രസിഡണ്ട് ഉമ്മന്‍ ഐസക്ക്, ട്രെഷരര്‍ കിരണ്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി ജാന്‍സി തോമസ് എന്നിവര്‍, യോഗ തീരുമാനമനുസരിച്ചു നിലവിലെ നാഷണല്‍ കമ്മിറ്റീ ഒരുമിച്ചു വിളിക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനും അതിന്റെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കുവാനും ആണ് സമ്മതം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ പുതുക്കിയ വോട്ടേഴ്‌സ് ലിസ്റ്റ് അനുസരിച്ച് പൊതുയോഗം നടത്തുവാന്‍ പ്രസിഡണ്ട് അജിത് പാലിയത്ത് സന്നദ്ധത കാണിച്ചതിനെ തുടര്‍ന്നാണ് ഫോബ്മയിലെ അംഗ സംഘടനകളുടെ കെട്ടുറപ്പിന് വേണ്ടി ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്ന് പ്രസിഡണ്ടിന്റെ അഭാവത്തില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്റ് ഉമ്മന്‍ ഐസക് അറിയിച്ചു
കഴിഞ്ഞ ഡിസംബര് മാസത്തില്‍ ഫോബ്മ നാഷണല്‍ കമ്മിറ്റി ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു ഇന്നലെ ബര്‍മിങ്ങ്ഹാമില്‍ നടന്ന പൊതുയോഗം. എന്നാല്‍ പൊതുയോഗ ഒരുക്കങ്ങള്‍ക്കിടയില്‍ പ്രസിഡന്റ് അജിത് പാലിയത്ത് ഏകപക്ഷീയമായി കമ്മിറ്റിയിലെ പ്രധാന ഭാരവാഹികള്‍ പോലും അറിയാതെ ഔദ്യോഗിക പാനല്‍ എന്ന രീതിയില്‍ ഒരു ലിസ്റ്റ് പുറത്തു വിടുക ആയിരുന്നു. അതോടു കൂടിയാണു ഫോബ്മയിലെ പ്രശ്‌നങ്ങള്‍ പൊതുജനമധ്യത്തിലെ ചെളി വാരിയെറിയലുകളിലേയ്ക്കു മാറിയത്. എന്നാല്‍ ഇതിറെ പേരില് ഉരുണ്ടു കൂടിയ കാറും കോളും മാറ്റി, സമവായ ചര്‍ച്ചകള്‍ക്കും പ്രശ്‌ന പരിഹാരത്തിനും ഒരു പുതിയ വഴി തുറന്നു കിട്ടിയതില്‍ നിഷ്പക്ഷരായി മാറി നിന്ന അസോസിയേഷനുകളും ഫോണില്‍ സന്തോഷവും ഈ തീരുമാനത്തില്‍ പരിപൂര്‍ണ്ണ പിന്തുണയും അറിയിച്ചിട്ടുണ്ടു
നിലവിലെ ഫോബ്മ ദേശീയ കമ്മിറ്റി ഒന്നിച്ചു കൂടി തീരുമാനിച്ച നൃത്തോത്സവം പോലെയുള്ള പരിപാടികളുമായി യോജിച്ചു പ്രവര്‍ത്തിക്കുവാനും നിലവിലെ ഫോബ്മ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുവാനും യോഗം തീരുമാനിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്‌പോര്ട്‌സ് കലണ്ടര്‍ അടക്കമുള്ള പരിപാടികള്‍ വിജയിപ്പിക്കുവാന്‍ വേണ്ട പൂര്‍ണ്ണ പിന്തുണ എല്ലാ ഇടത്ത് നിന്നും ഉണ്ടാകുവാന്‍ എല്ലാവരും ഒത്തൊരുമയോടെ ശ്രമിക്കണമെന്നും പൊതുയോഗം ആവശ്യപെട്ടു .
ഫോബ്മ ജനറല്‍ സെക്രട്ടറി അജിമോന്‍ ഇടക്കര, അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച വാര്‍ഷിക കണക്കുകളും പൊതുയോഗ സമക്ഷം അവതരിപ്പിച്ചെങ്കിലും സംയുക്തമായി നടത്തുന്ന പൊതുയോഗത്തില്‍ പാസാക്കുവാന്‍ വേണ്ടി മാറ്റി വച്ചു. ഈ രണ്ടു റിപ്പോര്‍ട്ടുകളും നിലവിലെ നാഷണല്‍ കമ്മിറ്റിയുടെ വിശകലനത്തിനും അംഗികാരത്തിനും വേണ്ടി നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പൊതുയോഗത്തിന്റെ നോട്ടീസ് നല്കിയതിനു ശേഷം അയച്ച്ചുകൊടുക്കുവാനും പൊതുയോഗം ആവശ്യപെട്ടു. അസോസിയേഷന്റെ പുതുക്കിയ പ്രതിനിധി പേരു വിവരം അറിയിക്കാത്ത അംഗങ്ങള്‍ എത്രയും വേഗം പ്രസിഡണ്ടിനേയും സെക്രട്ടറിയേയും പുതിയ പേര് വിവരങ്ങള്‍ അറിയിക്കണമെന്നും ഈ വോട്ടേര്‍സ് ലിസ്റ്റ് പരിശോധിക്കുവാനും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജനാധിപത്യ പരമാണ് എന്ന് ഉറപ്പു വരുത്തുവാനും അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. അംഗ അസോസിയേഷനുകളില്‍ നിന്നുള്ള മൂന്നു പ്രതിനിധികളെ തീരുമാനിക്കുവാനുള്ള പൂര്‍ണ്ണ അവകാശം അസോസിയേഷന്‍ കമ്മിറ്റികള്‍ക്കാണു. എങ്കിലും സുതാര്യമായ ജനാധിപത്യ പരമായ പ്രവര്‍ത്തനത്തിന് അവരുടെ പേരു വിവരങ്ങള്‍ കൃത്യമായി അറിയിക്കുവാന്‍ അവസരം നല്കിയിരിക്കുന്ന നിലയ്ക്ക് അത് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതും സ്വാഗതാര്‍ഹമാണു എന്ന് ഇന്നലെ കൂടിയ പൊതുയോഗം വിലയിരുത്തി.
ജനറല്‍ സെക്രട്ടറി അജിമോന്‍ ഇടക്കര, ട്രഷറര്‍ കിരണ്‍ ജോസഫ്, ഒട്ടനവധി അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ അവധിയില്‍ പോകുന്ന ഈസ്റ്റര്‍ അവധിക്കാലത്ത് തന്നെ പൊതുയോഗം വയ്ക്കുവാനുള്ള നീക്കം ഉള്ളതായി യോഗത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടും വാര്‍ഷിക കണക്കുകളും അവതരിപ്പിക്കുവാന്‍ സെക്രട്ടറിക്കും ട്രഷരര്‍ക്കും കഴിയുന്ന രീതിയില്‍ ഒരു പൊതുയോഗ ദിവസം കണ്ടെത്തുവാന്‍ ശ്രമിക്കണമെന്നും അഞ്ചംഗ സമിതിയോട് പൊതുയോഗം ആവശ്യപെട്ടിട്ടുണ്ട് . അജിത്തിനോ അജിമോനോ വേണ്ടി സംസാരിക്കാതെ ഫോബ്മയ്ക്കു വേണ്ടി സമവായ ചാര്‍ച്ചകള്‍ നടത്തുവാന്‍ ആണു സമിതിയെ പൊതുയോഗം ചുമതലപെടുത്തിയിരിക്കുന്നത്. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാല്‍ ഇനിയൊരു വട്ടം കൂടി ഫോബ്മ ഭരണ സമിതിയില്‍ ഏതെങ്കിലും ഔദ്യോഗിക സ്ഥാനം വഹിക്കുവാന്‍ താല്പര്യമില്ല എന്ന് നിലവിലെ ജനറല്‍ സെക്രട്ടറി അജിമോന്‍ ഇടക്കര പൊതുയോഗത്തെ അസ്സന്നിഗ്ദ്ധമായി അറിയിച്ചിട്ടിണ്ടു. ഫോബ്മയിലെ 33 മെമ്പര്‍ അസോസിയേഷനുകളില്‍ നിന്നുള്ള 99 പേര്‍ക്കും ഏതു സ്ഥാനങ്ങളിലെയ്ക്കും മത്സരിക്കുവാന്‍ അനുവദിക്കുന്ന തരത്തിലുള്ള തികച്ചും സുതാര്യമായ ഒരു പരിപ്പൂര്‍ണ്ണ ജനാധിപത്യധിഷ്ടിത പൊതുയോഗമാണ് ഫോബ്മയില്‍ നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല