1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2024

സ്വന്തം ലേഖകൻ: ഭക്ഷ്യമേഖലയില്‍ UAE 2030-നകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കാര്‍ഷികമേഖലയില്‍ താത്പര്യമുള്ള പ്രവാസികള്‍ക്കും ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. UAE യുടെ ആഭ്യന്തര ഉത്പ്പാദന വളര്‍ച്ചയില്‍ (ജി.ഡി.പി.) ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കാനാണ് ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു.

UAE ഫുഡ് ആന്‍ഡ് ബീവറേജസ് ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷയില്‍ രാജ്യം വന്‍തോതില്‍ നിക്ഷേപം നടത്തും. 2050-നകം ഇറക്കുമതി 50 ശതമാനമായി കുറയ്ക്കും. 2007-ലെ ആഗോള ഭക്ഷ്യപ്രതിസന്ധി മുതല്‍ ഭക്ഷ്യസുരക്ഷയ്ക്ക് UAE മുന്‍ഗണന നല്‍കിവരുന്നുണ്ട്. ഇതില്‍നിന്ന് ഭക്ഷ്യസുരക്ഷയ്ക്കുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വ്യക്തമാണ്.

നൂറ്റാണ്ടിന്റെ മധ്യത്തോടെ ഭക്ഷ്യഇറക്കുമതി 90 ശതമാനത്തില്‍നിന്ന് 50 ശതമാനമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആഭ്യന്തര ഭക്ഷ്യ ഉത്പ്പാദനത്തിലെ പുരോഗതിയില്‍ അഭിമാനിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 2023-ല്‍ UAE യുടെ മൊത്തം ഭക്ഷ്യഇറക്കുമതി 23 ബില്യണ്‍ ഡോളറായിരുന്നു.

അതേസമയം ഭക്ഷ്യകയറ്റുമതി 6.6 ബില്യണ്‍ ഡോളറിലെത്തി. വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഈ മേഖല മൊത്തം വ്യാപാരത്തില്‍ 20 ശതമാനം വളര്‍ച്ച കൈവരിച്ചു. ഭക്ഷ്യഇറക്കുമതി 23 ശതമാനവും കയറ്റുമതി 19 ശതമാനവും വര്‍ധിക്കുകയുംചെയ്തു. 2029-നകം ജി.സി.സി. ഭക്ഷ്യ-പാനീയ മേഖലയുടെ വളര്‍ച്ച 128 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും UAE യുടെ ക്ലസ്റ്റര്‍ പദ്ധതി കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കണമെന്നും അബ്ദുല്ല ബിന്‍ തൗഖ് വ്യക്തമാക്കി.

UAE ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സ്ട്രാറ്റജിക്ക് അനുസൃതമായി ജി.ഡി.പി.യില്‍ ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കാനും 20,000-ത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള പാതയിലാണ് രാജ്യം. സുസ്ഥിരമായ നല്ല നാളേക്കായി ഭക്ഷ്യസുരക്ഷയില്‍ എല്ലാവര്‍ക്കും ഒരുമിച്ച് തുടരാമെന്നും UAE ആഗോളനേതാവായി തുടരുമെന്ന് ഉറപ്പാക്കാനുമാവുമെന്നും മന്ത്രി വിശദീകരിച്ചു.

വ്യവസായ നൂതന സാങ്കേതിക മന്ത്രാലയം, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മന്ത്രാലയങ്ങളുടെ നയപരിഷ്‌കാരങ്ങള്‍, സഹകരണം, നിക്ഷേപം എന്നിവ ഉപകാരപ്രദമാക്കുന്നതിന് ഫുഡ് ക്ലസ്റ്റര്‍ സ്ട്രാറ്റജി സംബന്ധിച്ചുള്ള ചര്‍ച്ചയും നടന്നു.

ഭാവിയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സര്‍വകലാശാലകള്‍, ശാസ്ത്രജ്ഞര്‍, ഗവേഷണ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ പങ്കാളികളുമായുള്ള സംവാദം സാധ്യമാക്കുക എന്നതാണ് ക്ലസ്റ്ററുകള്‍ സൃഷ്ടിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അഹ്‌മദ് അല്‍ സാലിഹ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.