അബുദാബി: ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴത്തുകയുമായി യുഎഇയില്‍ നിയമഭേദഗതി. ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ വരുത്തിയിരിക്കുന്ന ഭേദഗതി പ്രകാരം ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 100,000 ദിര്‍ഹം മുതല്‍ രണ്ട് മില്യണ്‍ ദിര്‍ഹം വരെ പിഴ ലഭിക്കും. ഈ നിയമഭേദഗതിക്ക് ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെ ഇനി ക്യാബനറ്റിന്റെ അന്തിമ അംഗീകാരത്തിനായി നല്‍കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ ക്യാബിനറ്റ് ഈ നിയമത്തിന് പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു.
ഇനി മുതല്‍ യുഎഇയിലേക്ക് ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടറിന്റെ അനുമതി വേണം. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള കേടായ ഭക്ഷണങ്ങളോ നിലവാരമില്ലാത്ത ഭക്ഷണങ്ങളോ നല്‍കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും രണ്ട് മില്യണ്‍ ദിര്‍ഹം വരെ പിഴയും ലഭിക്കും. ചെയ്യുന്ന കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ചായിരിക്കും ശിക്ഷയുടെ അളവ്.
പന്നിയിറച്ചിയോ മദ്യമോ കലര്‍ന്ന ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്ക് ഒരു മാസത്തില്‍ കുറയാത്ത തടവുശിക്ഷയും 50,000 ദിര്‍ഹം പിഴയും നല്‍കാന്‍ നിയമം അനുശാസിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല