സ്വന്തം ലേഖകന്‍: അടുത്തിടെ ഇറങ്ങിയ സിനിമകള്‍ നിരാശപ്പെടുത്തി; താരറാണി തമന്നയ്‌ക്കെതിരെ ചെറുപ്പേറ്; യുവാവ് പിടിയില്‍. ഹൈദരാബാദില്‍ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് തമന്നയ്ക്ക് നേരെ ചെരുപ്പേറുണ്ടായത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ഹിമായത് നഗറില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.
ജ്വല്ലറി ഉദ്ഘാടനത്തിന് ശേഷം ആരാധകരെ അഭിവാദ്യം ചെയ്യവെയാണ് തമന്നയ്ക്ക് നേരെ യുവാവ് കാലിലെ ഷൂ അഴിച്ച് എറിഞ്ഞത്. എന്നാല്‍ താരത്തിന് സമീപത്തുണ്ടായിരുന്ന ജ്വല്ലറി ജീവനക്കാരന്റെ ദേഹത്താണ് ചെരുപ്പ് കൊണ്ടത്. തമന്നയുടെ അടുത്തിടെ ഇറങ്ങിയ സിനിമകളിലെ മോശം പ്രകടനമാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ കാരണമായതെന്ന് യുവാവ് മൊഴി നല്‍കി.
മുഷീറാബാദ് സ്വദേശിയായ കരിമുള്ളയാണ് അറസ്റ്റിലായത്. ഇയാള്‍ ബിടെക് ബിരുദധാരിയാണ്. സംഭവം നടന്ന് ഉടന്‍തന്നെ പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ജ്വല്ലറി ജീവനക്കാരന്റെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. നേരത്തെ കൊച്ചിയില്‍ എത്തിയപ്പോഴും തമന്നയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടിണ്ട്. ഒരു ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി കൊച്ചിയിലെത്തിയ താരത്തിന് അശ്ലീല കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല