സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പൊതു – സ്വകാര്യ മേഖലയിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സെക്കന്‍ഡറി സ്‌കൂളുകളിലെ എല്ലാ ആണ്‍കുട്ടികളുമാണ് പുതിയ തീരുമാനത്തിന്റെ ഭാഗമായി ദേശീയ വസ്ത്രം ധരിക്കേണ്ടത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശീയ സ്വത്വവും വിദ്യാഭ്യാസ മൂല്യങ്ങളും ശക്തിപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
പുതിയ നയം പ്രകാരം സൗദി വിദ്യാര്‍ഥികള്‍ പരമ്പരാഗത നീളക്കുപ്പായമായ തോബ് ധരിക്കണം. അതിനോടൊപ്പം ശിരോവസ്ത്രമായ ഗുത്രയോ ഷിമാഗോ ധരിക്കുകയും വേണം. പരമ്പരാഗത അറബ് വസ്ത്രധാരണ രീതിയാണിത്. എന്നാല്‍ പ്രവാസികളുടെ മക്കള്‍ ഉള്‍പ്പെടെ സൗദി ഇതര വിദ്യാര്‍ഥികള്‍ തോബ് മാത്രം ധരിച്ചാല്‍ മതിയാവും. അവര്‍ ശിരോവസ്ത്രം ധരിക്കല്‍ നിര്‍ബന്ധമില്ല.
അതേസമയം, വിദേശ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദേശീയ വസ്ത്രം ധരിക്കണമെന്ന പുതിയ വ്യവസ്ഥ ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ദേശീയ ബോധം ശക്തിപ്പെടുത്തുന്നതിനും വിശ്വസ്തത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിശാലമായ ദേശീയ ശ്രമങ്ങളുടെ ചുവടുപിടിച്ചാണ് ദേശീയ വസ്ത്രം യൂനിഫോമായി സ്വീകരിച്ച ഈ തീരുമാനമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
യുവതലമുറയില്‍ സാംസ്‌കാരികവും ചരിത്രപരവുമായ അവബോധം ശക്തിപ്പെടുത്തുന്നതിനായി സൗദി ഐഡന്റിറ്റിയുടെ വ്യാപനം സാധ്യമാക്കുകയെന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന വിഷം 2030ന്റെ ഭാഗമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അതേസമയം പുതിയ ദേശീയ യൂണിഫോം നിയമം എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായിട്ടില്ല. നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനു മുന്നോടിയായി ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കാനുള്ള പദ്ധതിക്കും മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ ദേശീയ വസ്ത്രം ധരിക്കേണ്ടതിന്റെ പ്രാന്യത്തെക്കുറിച്ചും ദേശീയ അഭിമാനവും പൈതൃകവും ശക്തിപ്പെടുത്തുന്നതില്‍ അതിന്റെ പങ്കിനെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തുകയാണ് ക്യാംപയനിലൂടെ ലക്ഷ്യമിടുന്നത്. ചെറുപ്രായത്തില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ ദേശീയ ബോധം വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രധാന്യവും ക്യാംപയിന്‍ മുന്നോട്ടുവയ്ക്കുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല