സ്വന്തം ലേഖകന്‍: അറബ് ലോകത്തെ കോടീശ്വരന്മാരായ 100 പേരുടെ പട്ടിക ഫോബ്‌സ് മിഡില്‍ ഈസ്റ്റ് മാസിക പുറത്തുവിട്ടു. 12 രാജ്യങ്ങളില്‍ നിന്നുള്ള കോടീശ്വരന്‍മാരാണ് പട്ടികയില്‍.
സൗദിയിലെ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് രാജകുമാരന്‍ ഒന്നാമതെത്തുന്നത്. 2,260 കോടി അമേരിക്കന്‍ ഡോളറാണ് വലീദ് രാജകുമാരന്റെ ആസ്തിയെന്ന് മാഗസിന്‍ പറയുന്നു.
വലീദ് രാജകുമാരനെ കൂടാതെ സൗദി അറേബ്യയില്‍ നിന്ന് 40 പേര്‍ കൂടി പട്ടികയിലുണ്ട്. യുഎഇയിലെ സമ്പന്നരുടെ പട്ടികയില്‍ 640 കോടി ഡോളര്‍ ആസ്തിയുള്ള, ദുബായ് ആസ്ഥാനമായുള്ള അബ്ദുല്ല അല്‍ ഗുറൈറും കുടുംബവുമാണ് മുന്നില്‍. 11 ശതകോടീശ്വരന്മാരുമായി യുഎഇ നാലാം സ്ഥാനത്താണ്.
ലെബനോന്‍ സ്വദേശിയായ ജോസഫ് സബ്‌റയാണ് കോടീശ്വര പട്ടികയില്‍ രണ്ടാമത്. 1,730 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. സൗദിയിലെ മുഹമ്മദ് അല്‍ അമൂദിയാണ് പട്ടികയിലെ മൂന്നാമന്‍. ആസ്തി 1,008 കോടി ഡോളര്‍.
കോടീശ്വരന്മാരുടെ എണ്ണത്തില്‍ സൗദിക്കു തൊട്ടുപുറകില്‍ ലെബനോനാണ്. ഈജിപ്ത് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. അറബ് സമ്പന്നരുടെ വരുമാന സ്രോതസ്സില്‍ എണ്ണയും അനുബന്ധ ഉല്‍പന്നങ്ങളും ഉള്‍പെടുമെങ്കിലും എണ്ണ വിലയിടിവ് ഇവരുടെ ആസ്തിയില്‍ കുറവ് വരുത്തിയിട്ടില്ല. മാത്രമല്ല, പലരുടെയും ആസ്തിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ഫോര്‍ബ്‌സ് മാഗസിന്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല