സ്ത്രീയുടേയും പുരുഷന്റേയും പൂര്‍ണ്ണസമ്മതമില്ലാതെ ഇനി മുതല്‍ വിവാഹം നടക്കില്ല. മാതാപിതാക്കളുടെയും മറ്റുളളവരുടേയും നിര്‍ബന്ധത്തിന വഴങ്ങിയുളള വിവാഹം ബ്രിട്ടനില്‍ നിരോധിച്ചു. ആരെയെങ്കിലും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് ഇനിമുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റമാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹോം സെക്രട്ടരി തെരേസാ മേയ് പുതിയ നിയമം നടപ്പില്‍ വരുത്തിയിരിക്കുന്നത്. നിര്‍ബന്ധിത വിവാഹം അടിമത്വത്തിന് തുല്യമാണന്നും അ്ത് പൂര്‍ണ്ണമായും നിരോധിക്കേണ്ടതാണന്നും ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
നിയമത്തെ കുറിച്ചുളള മൂന്നുമാസത്തെ കണ്‍സള്‍ട്ടേഷന്‍ സമയം മാര്‍ച്ചില്‍ അവസാനിച്ച സ്ഥിതിക്ക് അടുത്ത ദിവസം തന്നെ നിയമം നടപ്പിലാക്കുമെന്നാണ് കരുതുന്നത്. നിയമം അനുസരിച്ച് ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ആരേയെങ്കിലും നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍പെടും. 2008ല്‍ തന്നെ നിര്‍ബന്ധിത വിവാഹം തടഞ്ഞുകൊണ്ടുളള നിയമം ഗവണ്‍മെന്റ് നടപ്പിലാക്കിയിരുന്നെങ്കിലും ക്രി്മിനല്‍ കുറ്റമാക്കിയിരുന്നില്ല. ഇതാണ് നിലവില്‍ പരിഷ്‌കരിക്കുന്നത്.
ഫോഴ്‌സ്ഡ് മാര്യേജ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ അനുസരിച്ച് ആര്‍ക്കുവേണമെങ്കിലും നിര്‍ബന്ധിത വിവാഹത്തിനെതിരേ കോടതിയെ സമീപിക്കാവുന്നതാണ്. വിദേശികളായ നിരവധി പേര്‍ക്ക് സ്വന്തം ഇഷ്ടത്തിന് വിപരീതമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട്. പലപ്പോഴും സ്വദേശത്തേക്ക് നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോയ ശേഷമാണ് വിവാഹം കഴിക്കേണ്ടിവരുന്നത്. ഇത്തരത്തിലുളള നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
കുട്ടികളെ നിര്‍ബന്ധിച്ച് ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിപ്പിക്കുന്നതിനെതിരേ ലോകവ്യാപകമായി പ്രചാരണം നടത്തുന്ന ചില്‍ഡ്രന്‍സ് ചാരിറ്റി പ്ലാന്‍ യുകെ എന്ന സംഘടന നിയമത്തെ സ്വാഗതം ചെയ്തു. ഇത്തരം സംഭവങ്ങള്‍ തടയുന്നതാണ് സംഭവിച്ചശേഷം ശിക്ഷിക്കുന്നതിനേക്കാള്‍ നല്ലതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സ്‌കൂളുകളിലെ അധ്യാപകരും മറ്റും കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കണം. ആരെങ്കിലും നിര്‍ബന്ധിത വിവാഹത്തിന് തയ്യാറാകേണ്ടി വരുന്നുണ്ടെങ്കില്‍ കോടതിയെ അറിയിക്കുകയുംവേണമെന്ന് ചില്‍ഡ്രന്‍സ് ചാരിറ്റി പ്ലാനിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മാരി സ്റ്റാണ്‍ട്ടണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല