സ്വന്തം ലേഖകന്‍: ദമാം മുംബൈ വിമാനത്തില്‍ ബലാല്‍ക്കാരമായി എയര്‍ ഹോസ്റ്റസിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ജെറ്റ് എയര്‍വേയ്‌സിലെ എയര്‍ ഹോസ്റ്റസിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് അബുബക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ ലംഘിച്ച് ടോയ്‌ലറ്റിനുള്ളില്‍ പുക വലിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിമാനം മുംബൈയിലെ ഛത്രപതി ശിവജി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യാത്രക്കാരന്‍ ബലമായി തന്റെ കയ്യില്‍ കടന്ന് പിടിക്കുകയും സെല്‍ഫി എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി എയര്‍ ഹോസ്റ്റസ് നല്‍കിയ പരാതിയില്‍ പറയുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ച ശേഷവും അയാള്‍ മോശം പെരുമാറ്റം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
വിമാനത്തിനുള്ളില്‍ വച്ച് തന്നെ എയര്‍ ഹോസ്റ്റസ് പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് മറ്റ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ബാത്‌റൂമിലേക്ക് രക്ഷപെട്ടു. തുടര്‍ന്നാണ് ഇയാള്‍ ബാത്‌റൂമില്‍ നിന്ന് പുകവലിച്ചത്. വിമാന ജീവനക്കാര്‍ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും സിഗരറ്റ് പാക്കറ്റ് വാങ്ങിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല