സ്വന്തം ലേഖകന്‍: വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഒമ്പതിനായിരത്തോളം സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിദേശ സംഭാവനകള്‍ സ്വീകരിച്ചതു സംബന്ധിച്ച കണക്ക് ഹാജരാക്കാത്ത 8,975 എന്‍ജിഒകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്.
നേരത്തെ വിദേശ സംഘടനകളായ ഫോര്‍ഡ് ഫൗണ്ടേഷനെതിരേയും ഗ്രീന്‍പീസിനെതിരേയും കേന്ദ്രം നടപടിയെടുത്തിരുന്നു. രണ്ടു സംഘടനകളുടേയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്.
2009 മുതല്‍ മൂന്നു സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ കാണിക്കാത്ത എന്‍ജിഒകളുടെ ലൈസന്‍സാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍സ് റെഗുലേഷന്‍സ് ആക്ട് (എഫ്‌സിആര്‍എ) അനുസരിച്ച് ഗ്രീന്‍പീസിന്റെ ലൈസന്‍സ് റദ്ദാക്കുകയും ഫോര്‍ഡ് ഫൗണ്ടേഷനെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ശേഷമാണ് സര്‍ക്കാര്‍ ചെറിയ സംഘടനകളെ പിടികൂടിയത്.
സ്വീകരിച്ച വിദേശ ഫണ്ട്, അവ വിനിയോഗിച്ച വിധം എന്നിവയുടെ വിശദാംശങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആഭ്യന്തര മന്ത്രാലയം 10,343 സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ 229 സംഘടനകള്‍ മാത്രമാണ് കണക്കുകള്‍ ഹാജരാക്കിയത്.
510 സംഘടനകള്‍ക്ക് അയച്ച നോട്ടീസ് കൈപ്പറ്റാതെ മടങ്ങി. 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പതിനെട്ടാം വകുപ്പ് അനുസരിച്ച് ലൈസന്‍സ് ലഭിക്കുന്ന സംഘടനകള്‍ സാമ്പത്തിക വര്‍ഷം അവസാനിച്ച് ഒന്‍പത് മാസത്തിനുള്ളില്‍ ആഭ്യന്തര മന്ത്രാലയത്തിന് കണക്കുകള്‍ ഹാജരാക്കണം. സംഭാവനയായി ലഭിച്ച തുക, അത് നല്‍കിയ സ്ഥാപനം, സ്വീകരിച്ച മാര്‍ഗം എന്നിവയും ഇതില്‍ കാണിക്കണം.
വൈദ്യുത പദ്ധതികള്‍, ഖനനം, ജനിതക മാറ്റം വരുത്തിയ വിളകള്‍ എന്നിവയ്‌ക്കെതിരെ സമരം നടത്തുന്ന ഇത്തരം സംഘടനകള്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു തുരങ്കം വയ്ക്കുകയാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഇത്തരം എന്‍ജിഒകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരീക്ഷണത്തിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല