1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2021

സ്വന്തം ലേഖകൻ: അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഇക്കഴിഞ്ഞ ദിവസമാണ് ഫോഡ് രാജ്യം വിടുന്നെന്ന തരത്തില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വന്നത്. ഇപ്പോള്‍ വാര്‍ത്ത ശരിവച്ച് കൊണ്ട് കമ്പനി തന്നെ എത്തിയിരിക്കുകയാണ്. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലുണ്ടായിരുന്ന രണ്ട് നിര്‍മാണ കേന്ദ്രങ്ങള്‍ കൂടി തങ്ങള്‍ അടച്ചുപൂട്ടുന്നതായാണ് സെപ്റ്റംബര്‍ ഒമ്പതിലെ വാർത്താക്കുറിപ്പിൽ കമ്പനി അറിയിക്കുന്നത്.

2021 ന്റെ നാലാം പാദത്തോടെ ഗുജറാത്തിലെ സാനന്ദില്‍ കയറ്റുമതി ചെയ്യുന്നതിനായുള്ള വാഹനനിര്‍മാണം അവസാനിപ്പിക്കും. 2022 രണ്ടാം പാദത്തോടെ ചെന്നൈയിലെ വാഹന, എഞ്ചിൻ നിർമാണവും അവസാനിപ്പിക്കുമെന്ന് ഫോഡ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യം വിടുന്ന രണ്ടാമത്തെ ആഗോള ഓട്ടോമൊബൈല്‍ ഭീമനായിരിക്കും ഫോഡ്. 2017 ല്‍ വാഹന വില്‍പ്പന അവസാനിപ്പിച്ച് ജനറല്‍ മോട്ടോഴ്‌സും ഇന്ത്യ വിട്ടിരുന്നു.

കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ പെടാപ്പാട്‌പെടുകയായിരുന്നു തങ്ങളെന്നാണ് കമ്പനി വിശദമാക്കുന്നു. രണ്ട് ബില്യണ്‍ ഡോളര്‍ പ്രവര്‍ത്തന നഷ്ടവും 0.8 ബില്യണ്‍ ഡോളര്‍ നിഷ്‌ക്രിയാസ്തികളുടെ എഴുതിത്തള്ളലും നേരിട്ടതിനെത്തുടര്‍ന്ന് രാജ്യത്തെ ബിസിനസ് നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാതെ വഴിയില്ലയെന്നാണ് കമ്പനി പറയുന്നത്.

27 വര്‍ഷമായി ഈ അമേരിക്കന്‍ കാര്‍ നിര്‍മാതാവ് ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനം തുടരുന്നു. ഇന്ത്യന്‍ വിപണിയില്‍ 90 കളില്‍ പ്രവേശിച്ച ആദ്യത്തെ മള്‍ട്ടി- നാഷണല്‍ ഓട്ടോമോട്ടീവ് കമ്പനികളില്‍ ഒന്നാണ് ഫോഡ്. ഇറക്കുമതിചെയ്ത സി ബിയു മോഡലുകള്‍ മാത്രമായിരിക്കും കമ്പനി ഇനി ഇന്ത്യയില്‍ വില്‍ക്കുക. സാനന്ദ്, ചെന്നൈയിലെ മറൈമല നഗര്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. കയറ്റുമതി പ്രവര്‍ത്തനങ്ങളും മെല്ലെ അവസാനിപ്പിക്കും.

4000 തൊഴിലാളികളെയാകും ഫോഡ് നിര്‍മാണശാലകളുടെ അടച്ചുപൂട്ടല്‍ ബാധിക്കുക, എന്നാല്‍ ഇതിനും കമ്പനി പരിഹാരം കണ്ടെത്തുമെന്നാണ് സൂചന. പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ന്യായവും സന്തുലിതവുമായ ഒരു പദ്ധതി വികസിപ്പിക്കുന്നതിന് ഫോഡ് ജീവനക്കാര്‍, യൂണിയനുകള്‍, വിതരണക്കാര്‍, ഡീലര്‍മാര്‍, സര്‍ക്കാര്‍, ചെന്നൈ, സാനന്ദ് എന്നിവിടങ്ങളിലെ മറ്റ് പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ഡല്‍ഹി, ചെന്നൈ, മുംബൈ, സാനന്ദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ പാര്‍ട്ട് ഡിപ്പോകള്‍ പരിപാലിക്കുകയും അതിന്റെ ഡീലര്‍ ശൃംഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രീതിയില്‍ വില്‍പ്പന ക്രമീകരിക്കുകയും ചെയ്യും. സാനന്ദ് പ്ലാന്റ് ഫോർഡിന്റെ ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നിര്‍മിച്ചത്. പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാഹനങ്ങള്‍ക്കും അതുകൊണ്ടുതന്നെ വിലകൂടും. അതിനനുസരിച്ചുള്ള ലാഭം ഒരിക്കലും കിട്ടിയിട്ടില്ലെന്നും ഫോഡ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ഫോര്‍ഡിന്റെ ഏറ്റവും ജനപ്രിയ മോഡലുകളായ ഇക്കോസ്പോർടും എന്‍ഡവറും നിര്‍മിച്ചിരുന്നത് ചെന്നൈ പ്ലാന്റില്‍നിന്ന് മാത്രമാണ്. ഈ ഒരൊറ്റ പ്ലാന്റ് നിലനിര്‍ത്തുന്നത് പോലും സാമ്പത്തികമായി ലാഭകരമല്ലെന്നാണ് കമ്പനി പറയുന്നത്. കാലഹരണപ്പെട്ട വാഹനങ്ങള്‍, കുറഞ്ഞ ആവശ്യകത, പുതിയ കമ്പനികളുടെ തള്ളിക്കയറ്റം എന്നിവയാണ് കമ്പനി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

2019 ഒക്ടോബറില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി ഫോഡ് ഒരു സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. 2020 ഡിസംബര്‍ 31 ന് ആ ഉടമ്പടി അവസാനിച്ചു. ഇതോടെ പ്ലാന്റുകള്‍ ഉപയോഗശൂന്യമായി തുടങ്ങി. എന്നാൽ പ്ലാന്റുകൾ പൂട്ടുന്നുവെങ്കിലും ഫോഡ് ഇന്ത്യയില്‍ സാന്നിധ്യം തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.