സ്വന്തം ലേഖകന്‍: മോശം പെരുമാറ്റം; ഫോര്‍ഡിന്റെ വടക്കേ അമേരിക്കന്‍ മേധാവിയായ ഇന്ത്യന്‍ വംശജന്‍ രാജ് നായര്‍ പുറത്തേക്ക്. തൊഴിലിടത്തില്‍ മോശമായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡിന്റെ വടക്കേ അമേരിക്കന്‍ മേധാവിയായ ഇന്ത്യന്‍ വംശജന്‍ രാജ് നായരോട് സ്ഥാനമൊഴിയണമെന്ന് കമ്പനി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഫോര്‍ഡിന്റെ മേഖല പ്രസിഡന്റ് പദവി വഹിച്ചുവരുകയായിരുന്നു 54കാരനായ രാജ് നായര്‍. ആരോപണത്തെത്തുടര്‍ന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹത്തോട് ഉടന്‍ സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടത്.
വിശദമായ അവലോകനത്തിനും ശ്രദ്ധയോടെയുള്ള പരിഗണനക്കും ഒടുവിലാണ് കമ്പനി ഇത്തരമൊരു തീര്‍പ്പിലെത്തിയതെന്ന് ഫോര്‍ഡിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ജിം ഹാക്കറ്റ് പ്രതികരിച്ചു. ജീവനക്കാര്‍ക്ക് സുരക്ഷിതവും ആദരവര്‍ഹിക്കുന്നതുമായ സംസ്‌കാരം പരിപാലിച്ചുപോരുന്നതിലും അത് ലഭ്യമാക്കുന്നതിലും പ്രതിബദ്ധത കാണിക്കുന്നുവെന്നും ഈ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള എല്ലാ സഹകരണവും തങ്ങളുടെ മേധാവികളില്‍നിന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഏതു തരത്തിലുള്ള സ്വഭാവദൂഷ്യമാണ് രാജ് നായരില്‍ നിന്നുണ്ടായതെന്ന് കമ്പനി പുറത്തുവിട്ടില്ല.
സംഭവത്തില്‍ രാജ് നായര്‍ ഖേദപ്രകടനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. 2017 ജൂണ്‍ ഒന്നു മുതലാണ് ഫോര്‍ഡിന്റെ വടക്കേ അമേരിക്കന്‍ പ്രസിഡന്റായി രാജ് ചുമതലയേറ്റത്. അതിനുമുമ്പ് ഫോര്‍ഡിന്റെ തന്നെ സാങ്കേതിക വിഭാഗം മേധാവിയുടെ പദവിയിലായിരുന്നു. 1987 ല്‍ കമ്പനിയില്‍ ചേര്‍ന്നതു മുതല്‍ നിരവധി മറ്റു പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല