സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങൾക്ക് നൽകുന്ന വികസന സഹായങ്ങൾ 90 ദിവസത്തേക്ക് മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയതും നിലവിലുള്ളതുമായ കരാറുകൾക്ക് പുതിയ ഉത്തരവ് ബാധകമാകുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മെമ്മോയിൽ വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനും ഈജിപ്തിനുമുള്ള സൈനിക ധനസഹായം പുതിയ ഉത്തരവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റായി അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപ് വിദേശ വികസന സഹായം താൽക്കാലികമായി നിർത്തിവച്ചുള്ള ഉത്തരവിൽ ഒപ്പിട്ടത്. തന്റെ വിദേശനയ ലക്ഷ്യങ്ങളുമായി വിദേശ സഹായം പൊരുത്തപ്പെടുന്നുണ്ടോയെന്നും യുഎസ് നൽകുന്ന ധനസഹായം കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടോയെന്നും ഉറപ്പാക്കാൻ പുനഃപരിശോധന നടത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശരാജ്യങ്ങളിൽ യുഎസ് ധനസഹായത്തോടെ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമാണ്. ഇസ്രായേലിനും ഈജിപ്തിനും നൽകുന്ന സൈനിക സഹായത്തിനും സൈനിക പ്രവർത്തനത്തിന് ആവശ്യമായ ഭരണപരമായ ചെലവുകൾക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അടിയന്തര ഭക്ഷ്യസഹായവും അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലാ വിദേശ സഹായപദ്ധതിയകളും യുഎസ് ഭരണകൂടം അവലോകനം ചെയ്യുകയും ആവശ്യമുള്ളവയ്ക്ക് മാത്രം ഇളവുകൾ അനുവദിക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല