യൂറോപ്പിലെ സാമ്പത്തികമാന്ദ്യം എല്ലാ അതിര്‍വരുമ്പുകളെയും ഭേദിച്ചുകൊണ്ട് മുന്നേറുകയാണ്. അത് പലതരത്തിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുടെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
എന്നാല്‍ അത് മാത്രമാണോ കാര്യം. അല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഗ്രീസിനെ പിടികൂടി യൂറോപ്പിനെ ആകപ്പാടെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തികമാന്ദ്യം ലോകമൊട്ടാകെ പടരുമോയെന്ന ഭീതി ലോകരാജ്യങ്ങളെ വേട്ടയാടുന്നുണ്ട്. അതിന്റെ സൂചനകള്‍ ഓരോ രാജ്യത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ ഊഹിക്കാവുന്നതേയുള്ളു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പുതിയ പ്രശ്നം ഇന്ത്യയിലെ വിദേശബാങ്കുകളിലെ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യമാണ്.
വിദേശ ബാങ്കുകള്‍ ഇന്ത്യയിലെ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുകയാണ്. ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്, നോമുറ, യുബിഎസ്, എച്ച്എസ്ബിസി എന്നിങ്ങനെയുള്ള പ്രമുഖ ബാങ്കുകളാണ് ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിടുന്നത്. സാമ്പത്തികമാന്ദ്യംമൂലം പല ബാങ്കുകളും ബിസ്നസുകള്‍ നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ തങ്ങളുടെ നഷ്ടം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദേശ ബാങ്കുകള്‍ കരുതുന്നത്. അതിനാല്‍ത്തന്നെയാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് സാമ്പത്തികമാന്ദ്യം കൈകാര്യം ചെയ്യാമെന്ന് വിദേശബാങ്കുകള്‍ കരുതുന്നത്.
പ്രമുഖ ബാങ്കുകളിലൊന്നായ എച്ച്എസ്ബിസിയില്‍നിന്ന് നൂറ്റിയിരുപത് പേരെ പിരിച്ചുവിടുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. കിട്ടാക്കടം തിരിച്ചുപിടിക്കുന്ന വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഇവരെ താമസിയാതെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ ലോകത്താകമാനമുള്ള മുപ്പതിനായിരം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ബാര്‍ക്ലേസ് ഇന്ത്യയില്‍നിന്ന് പന്ത്രണ്ടുപേരെയും ക്രെഡിറ്റ് സ്യൂയിസില്‍നിന്ന് പതിനഞ്ചുപേരെയും പുറത്താക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പുറത്താക്കുന്ന ജീവനക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല