സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുക്കി മലയാളികളില്‍നിന്ന് പണം തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതും മലയാളികളെ. കേരളത്തിലുള്ളവരെ ഫോണില്‍വിളിച്ച് ഇല്ലാത്തതു പറഞ്ഞ് വിശ്വസിപ്പിക്കാനായി വിദേശ ഉടമസ്ഥതയിലുള്ള കോള്‍ സെന്റര്‍ സ്ഥാപനങ്ങളില്‍ നൂറിലധികം മലയാളികള്‍ ജോലിചെയ്യുന്നുണ്ടെന്ന് സംസ്ഥാന പോലീസിന്റെ സൈബര്‍ ഡിവിഷന്‍ കണ്ടെത്തി.
ഇതില്‍ പതിനഞ്ചോളംപേരെ തിരിച്ചറിഞ്ഞ പോലീസ്, അവരുടെ ബന്ധുക്കളെ കണ്ടെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പോലീസ് നടത്തിയ സൈബര്‍ പട്രോളിങ്ങിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്.
കംബോഡിയ, ഇന്‍ഡൊനീഷ്യ, യുഎ.ഇ.യിലെ വിവിധ എമിറേറ്റുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം ഓണ്‍ലൈന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അനധികൃത കോള്‍ സെന്ററുകളിലാണ് മലയാളികളും മറ്റ് ഇന്ത്യക്കാരും ജോലിചെയ്യുന്നത്.
സന്ദര്‍ശക വീസയിലും മറ്റും എത്തി അനധികൃതമായി ജോലിയില്‍ പ്രവേശിച്ചവരാണിവര്‍ എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന ശമ്പളംനല്‍കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പ്രൊഫഷണലുകളും പാര്‍ട്ട് ടൈം ജോലിക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വിവരം ശേഖരിച്ച് ഒരാളെ തട്ടിപ്പിന് ഇരയാക്കിയാല്‍ അതിനായി ഫോണ്‍വിളിച്ചയാള്‍ക്ക് അധിക സാമ്പത്തിക ആനുകൂല്യംവരെ നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില സ്ഥാപനങ്ങളില്‍ മാനേജര്‍തലത്തില്‍ ജോലിചെയ്യുന്നത് മലയാളി വനിതകളുമാണ്.
ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനങ്ങളില്‍ അറസ്റ്റിലായവരില്‍ ചിലര്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്നതും കണ്ടെത്തിയിരുന്നു. കേരളത്തിലെ ചില അക്കൗണ്ടുകളിലേക്ക് ഇത്തരക്കാരില്‍നിന്ന് പണമിടപാട് നടന്നിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല