സ്വന്തം ലേഖകൻ: ഏജന്റിനാല്‍ കബളിക്കപ്പെട്ട്, ബ്രിട്ടനിലെത്തി ദുരിതമനുഭവിക്കുന്ന ഒരു മലയാളി യുവാവിന്റെ കഥ കഴിഞ്ഞ ദിവസം ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുടിയേറ്റ കെയറര്‍മാര്‍ പൊതുവില്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ദ്ചയായിരുന്നു അത്. വന്‍ തുകകള്‍ കടം വാങ്ങി, നല്ലൊരു ഭാവി സ്വപ്നം കണ്ട് ബ്രിട്ടനിലെത്തുന്നവരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.പതിനൊന്നോളം വ്യത്യസ്ത കെയര്‍ ദായകര്‍ക്കൊപ്പം ജോലി ചെയ്യുന്ന ഡസനിലധികം കുടിയേറ്റ കെയര്‍ വര്‍ക്കര്‍മാരായിരുന്നു തങ്ങളുടെ ദുരിതങ്ങള്‍ ഗാര്‍ഡിയനോട് പറഞ്ഞത്.
ആയിരക്കണക്കിന് പൗണ്ട് ഏജന്റിന് ഫീസായി നല്‍കി യു കെയില്‍ എത്തിയ അവരില്‍ പലര്‍ക്കും ഇനിയും തൊഴില്‍ ലഭിച്ചിട്ടില്ല. മറ്റു ചിലര്‍ക്കാകട്ടെ വാഗ്ദാനം ചെയ്ത തൊഴിലിനും ശമ്പളത്തിനും പകരമായി പരിമിതമായ വേതനം മാത്രമുള്ള മറ്റു ചില തൊഴിലുകളാണ് ലഭിച്ചത്. നാട്ടില്‍ വരുത്തിവെച്ച കടബാദ്ധ്യത തീര്‍ക്കുന്നത് പോയിട്ട്, അന്നന്നത്തെ ഭക്ഷണം കണ്ടെത്താന്‍ പോലും കഴിയാതെ വിഷമിക്കുകയാണ് പലരും.
വരുന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തുന്നവര്‍ ഇപ്പോള്‍ ഈ പ്രശ്നം ഗൗരവകരമായി പരിഗണിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. വിദേശ കെയര്‍ വര്‍ക്കര്‍മാര്‍, യു കെയിലേക്ക് വരുമ്പോള്‍ കൂടെ കുടുംബത്തെയും കൊണ്ടു വരുന്നതിനെ വിമര്‍ശിച്ച ടോറികള്‍ അടുത്തിടെ അത് നിരോധിച്ചിരുന്നു. നിരോധനം, നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ സാധിക്കും എന്നാണ് ലേബര്‍ പാര്‍ട്ടിയും പറയുന്നത്.
എന്നാല്‍, കുടിയേറ്റ കെയര്‍ വര്‍ക്കര്‍മാര്‍ ചൂഷണത്തിന് ഇരയാകുന്നത് തടയാന്‍, ഇത്തരത്തിലുള്ള നിരോധനം മതിയാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അങ്ങനെ ചൂഷണത്തിന് വിധേയരായവരില്‍ പലരും ഇപ്പോഴും യു കെയില്‍ തന്നെ ദാരിദ്ര്യത്തില്‍ ജീവിക്കുന്നുണ്ട്. തങ്ങളുടെ തൊഴിലുടമകളെ വിട്ടുപോയാല്‍ വീസ നഷ്ടമാവുകയും രാജ്യം വിട്ട് പോകേണ്ടി വരികയും ചെയ്യും എന്ന ഭയമാണ് അവരെ ചൂഷണത്തിന് സ്വയം വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.
ഇപ്പോള്‍, ഇക്കാര്യത്തില്‍ ഒരു സമ്പൂര്‍ണ്ണ സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആര്‍ സി എന്‍ മൂന്ന് പ്രധാന ദേശീയ പാര്‍ട്ടികള്‍ക്കും കത്തയച്ചിരിക്കുകയാണ്. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറയുന്നത് കുടിയേറ്റ കെയര്‍വര്‍ക്കര്‍മാരെ ചൂഷണം ചെയ്യുന്നത് ഒരു വന്‍ അഴിമതിയും തട്ടിപ്പുമാണെന്നാണ്. എന്നാല്‍, അത് തടയാന്‍ ഉതകുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകുന്നുമില്ല.
സോഷ്യല്‍ കെയര്‍ മേഖലയില്‍ ഗുരുതരമായ തൊഴിലാളിക്ഷാമം അനുവഭവപ്പെട്ടതോടെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് വര്‍ദ്ധിപ്പിച്ചു. ഇതില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതിരിക്കുകയും, നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തതോടെ ചില തൊഴിലുടമകള്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്നതിനായി കുടിയേറ്റ തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുകയാണെന്നും അവര്‍ പറഞ്ഞു.
അതുകൊണ്ടു തന്നെ, അടുത്ത തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ എത്തിയാലും ഇക്കാര്യത്തെ കുറിച്ച് എത്രയും പെട്ടെന്ന് ഒരു സമ്പൂര്‍ണ്ണ സര്‍ക്കാര്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല