ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ സ്ഥലം വിട്ടോ? സെന്‍സെക്‌സ് 16000നും നിഫ്റ്റി 4800നും താഴെ വ്യാപാരം നടന്നുവെന്നത് നിക്ഷേപകരെ അങ്കലാപ്പിലാക്കുന്ന കാര്യമാണ്. രൂപയുടെ വില 55ലെത്തി നില്‍ക്കുന്നതും ഇതോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ രാജ്യത്തെ സാമ്പത്തികവ്യവസ്ഥയുടെ സുസ്ഥിരത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മാത്രം വിപണിയില്‍ ഏകദേശം ഏഴുശതമാനത്തിന്റെ താഴ്ചയാണ് ഉണ്ടായിട്ടുള്ളത്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ നട്ടെല്ലായ വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ വരവും പോക്കും ഗ്രാഫില്‍ ശക്തമായ സ്വാധീനമുണ്ടാക്കാറുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയുടെ ഭാവി അത്ര ശോഭനമായിരിക്കില്ലെന്നാണ് പല വിദേശകമ്പനികളുടെയും വിലയിരുത്തല്‍. നേരത്തെ ഓഹരിയുണ്ടായിരുന്ന 84ഓളം ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അവരെ പ്രേരിപ്പിച്ചതും തന്നെയാണ്. നിലവില്‍ 74 ഇന്ത്യന്‍ കമ്പനികളില്‍ മാത്രമാണ് എഫ്‌ഐഐ താല്‍പ്പര്യം കാണിക്കുന്നത്.
ആംടെക് ഇന്ത്യ, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, മഹീന്ദ്ര സത്യം, ഗ്രീന്‍പ്ലൈ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, അരവിന്ദ്, നവ ഭാരത് വെന്‍ച്വര്‍, ടാറ്റാ ഗ്ലോബല്‍ ബിവറേജ്, റാലിസ് തുടങ്ങിയ കമ്പനികളിലാണ് ഇപ്പോള്‍ കൂടുതല്‍ വിദേശനിക്ഷേപം കടന്നു വരുന്നത്. ബ്ലുചിപ് കമ്പനികളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, ഐടിസി, സണ്‍ ഫാര്‍മ, ടിസിഎസ് എന്നിവയിലാണ് താല്‍പ്പര്യം കാണിക്കുന്നത്.
ടെക്‌പ്രോ സിസ്റ്റംസ്, ഐവിആര്‍സിഎല്‍, പ്രൊവോഗ്, എസ്‌കോര്‍ട്‌സ്, ജിടിഎല്‍ കമ്പനികളില്‍ നിന്നാണ് വിദേശ സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ പണം പിന്‍വലിച്ചിട്ടുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി, രൂപയുടെ വിലയിടിവ്, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, വിലപെരുപ്പം, ധനകമ്മി എന്നിവയെല്ലാം ചേര്‍ന്ന് സെന്‍സെക്‌സിനെയും നിഫ്റ്റിയെയും താഴേക്ക് വലിക്കുകയാണ്. ഘടകക്ഷികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സാമ്പത്തിക ഉദാരവത്കരണ നടപടികളില്‍ നിന്നും യുപിഎ സര്‍ക്കാര്‍ പിന്നോക്കം പോകുന്നതും വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ തിരിച്ചുപോക്കിന് കാരണമാകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല