സ്വന്തം ലേഖകൻ: കുവൈത്തില്‍ ലേബര്‍ ക്യാംപുകള്‍ക്ക് പകരം പ്രവാസി തൊഴിലാളികള്‍ക്ക് മാത്രമായുള്ള ലേബര്‍ സിറ്റികള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാന്‍ ഒരുക്കമാണ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കി.
ലേബര്‍ സിറ്റികള്‍ നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അവ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മുനിസിപ്പാലിറ്റി ഇതിനകം കൈമാറിക്കഴിഞ്ഞതായും ലേബര്‍ സിറ്റികളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ കൗണ്‍സില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന ചില കൗണ്‍സിലര്‍മാരുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് മുനിസിപ്പാലിറ്റി വൈസ് ചെയര്മാന് ഖാലിദ് മുഫ്ലിഹ് അല്‍ മുതൈരി ഇക്കാര്യം വ്യക്തമാക്കിയത്.
നിര്‍ദിഷ്ട തൊഴിലാളി നഗരങ്ങളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളോട് അല്‍ മുതൈരി അഭ്യര്‍ത്ഥിച്ചു. ബാച്ചിലേഴ്സ് ഹൗസിംഗ് ഏരിയകളിലെ ഭവന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ ലേബര്‍ സിറ്റികള്‍ ഗണ്യമായി സഹായിക്കും. സമിതി ശുപാര്‍ശ ചെയ്യുന്ന പരിഹാരങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മംഗഫ് തീപിടിത്ത സംഭവത്തിന് സമാനമായി ജലീബ് അല്‍ ഷുയൂഖ് പോലുള്ള പ്രദേശങ്ങള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
അടിയന്തര യോഗം ആവശ്യമായി വന്നാലും തൊഴിലാളികളുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണെന്ന് കൗണ്‍സില്‍ അംഗം ഫഹദ് അല്‍ അബ്ദുള്‍ജാദര്‍ പറഞ്ഞു. നിയന്ത്രണങ്ങളല്ല, ചട്ടങ്ങളും നിയമങ്ങളും നടപ്പാക്കുന്നതിലാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ പാര്‍പ്പിടത്തിനായി ഭൂമി അനുവദിക്കുക എന്നതാണ് കൗണ്‍സിലിന്റെ ചുമതലയെന്ന് അംഗം വാലിദ് അല്‍ ദാഗര്‍ വിശദീകരിച്ചു.
അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇതിനകം മുനിസിപ്പാലിറ്റി പൂര്‍ത്തീകരിക്കുയും നിരവധി സൈറ്റുകള്‍ ഉചിതമായ അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന ചേരികളും ലേബര്‍ ക്യാംപുകളും ഒഴിവാക്കി, പ്രവാസി ജീവനക്കാര്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ലേബര്‍ സിറ്റികളുടെ നിര്‍മാണം വേഗത്തിലാക്കണമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ലേബര്‍ സിറ്റികളില്‍ പാര്‍പ്പിട സമുച്ഛയങ്ങള്ക്കൊപ്പം വ്യാപാര സ്ഥാപനങ്ങള്‍, പള്ളികള്‍, കളിസ്ഥലങ്ങള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കാനാണ് പദ്ധതി. ലേബർ സിറ്റികൾ വരുന്നത് പ്രവാസികൾക്ക് ഒരുപാട് ഗുണം ചെയ്യും. അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അവ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കെെമാറുന്നതോടെ വലിയൊരു പ്രശ്നത്തിന് പരിഹാരമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല