1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2024

സ്വന്തം ലേഖകൻ: കുവൈത്തിലെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി ജീവനക്കാര്‍ക്ക് മാത്രമായുള്ള ലേബര്‍ സിറ്റികള്‍ നിര്‍മിക്കണമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാവുന്നു. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളില്ലാത്തെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിനകത്ത് കുടുങ്ങിയും പുകശ്വസിച്ചും അമ്പതോളം പേര്‍ മരിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ പാര്‍പ്പിട സമുച്ഛയങ്ങള്‍ അടങ്ങിയ ലേബര്‍ സിറ്റികള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. പല കോണുകളില്‍ നിന്നും ഈ ആവശ്യം വീണ്ടും ഉയര്‍ന്നുവന്നതായി അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബാച്ചിലര്‍ പ്രവാസി തൊഴിലാളികളുടെ പാര്‍പ്പിട ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം റെസിഡന്‍ഷ്യല്‍ ഏരിയകളിലെ തിരക്ക് ലഘൂകരിക്കുന്നതിനും ഇത് സഹായകമാവുമെന്നും വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖരെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കി.

അടിസ്ഥാന സൗകര്യങ്ങള്‍, അവശ്യ സേവനങ്ങള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് മതിയായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ലേബര്‍ സിറ്റികള്‍. ഇതുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം മുമ്പ് പൊതുമരാമത്ത് മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജന്‍സികളും പ്രാരംഭ പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ നടപടികളുണ്ടായില്ലെന്നും പത്രം പറയുന്നു.

കൊവിഡ് കാലത്ത് യാത്രാ നിയന്ത്രണം നിലവില്‍ വന്നപ്പോള്‍ ഫാക്ടറികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഏറെ അകലെയായി താമസിക്കുന്ന ജീവനക്കാര്‍ക്ക് ജോലിക്ക് എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോഴും ലേബര്‍ സിറ്റികള്‍ക്കായുള്ള മുറവിളി സജീവമായിരുന്നു. എന്നാല്‍ കൊവിഡ് ഭീഷണി നീങ്ങിയതോടെ അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും അവസാനിച്ചു.

എല്ലാ സൗകര്യങ്ങളോടും കൂടിയ ആറ് ലേബര്‍ സിറ്റികള്‍ വിവിധ ഗവര്‍ണറേറ്റുകളിലായി സ്ഥാപിക്കാനുള്ള പദ്ധതി നേരതത്തേ തന്നെ സര്‍ക്കാരിന്‍റെ കൈയിലുണ്ടെന്ന് അല്‍ അന്‍ബാ റിപ്പോര്‍ട്ട് ചെയ്തു. ജനസാന്ദ്രതയുള്ള റസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്ന് അവിവാഹിതരായ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനും ഈ നഗരങ്ങള്‍ ലക്ഷ്യമിടുന്നു.

ദക്ഷിണ ജഹ്റയില്‍ 1,015,000 ചതുരശ്ര മീറ്ററില്‍ ആദ്യത്തെ ലേബര്‍ സിറ്റി പദ്ധതിയുടെ തുടക്കം കുവൈത്ത് മുനിസിപ്പാലിറ്റി ഈയിടെ പ്രഖ്യാപിച്ചിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20,000 ബാച്ചിലര്‍ തൊഴിലാളികള്‍ക്ക് ഇവിടെ താമസമൊരുക്കാന്‍ കഴിയും. അത്യാവശ്യ സേവനങ്ങളായ വ്യാപാര സ്ഥാപനങ്ങള്‍, പള്ളികള്‍, കളിസ്ഥലങ്ങള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍ എന്നിവയ്ക്കൊപ്പം പാര്‍പ്പിട സമുച്ചയങ്ങളും ഇതില്‍ ഉള്‍പ്പെടും. എല്ലാ അടിസ്ഥാന സൗകര്യ ആവശ്യങ്ങളോടും കൂടിയതായിരിക്കും സിറ്റികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.