സ്വന്തം ലേഖകന്‍: വിദേശ ധനസഹായം സ്വീകരിച്ചതിന്റെ പേരില്‍ പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനയായ (എന്‍ജിഒ) ഗ്രീന്‍പീസിനെതിരെ സര്‍ക്കാര്‍ നടപടി. സംഘടനക്ക് വിദേശത്തുനിന്നു സാമ്പത്തിക സഹായം വാങ്ങുന്നതിനുള്ള രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ ആറുമാസത്തേക്കു റദ്ദാക്കി.
വിദേശനാണയ നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) വ്യവസ്ഥകള്‍ ലംഘിച്ചെന്നു വ്യക്തമാക്കിയാണു നടപടി. രജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കാന്‍ സംഘടനയോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ തങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കുപ്രചരണം നടത്തുകയാണെന്നും ഔദ്യോഗിക അറിയിപ്പു ലഭിക്കുമ്പോള്‍ നിയമോപദേശമനുസരിച്ചു നടപടി സ്വീകരിക്കുമെന്നും ഗ്രീന്‍പീസ് വ്യക്തമാക്കി. പൊതുതാല്‍പര്യത്തെയും രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളെയും ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകവഴി ഗ്രീന്‍പീസ് എഫ്‌സിആര്‍എയിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
2008, 09 സാമ്പത്തിക വര്‍ഷത്തില്‍ ഓപ്പണിങ് ബാലന്‍സായുണ്ടായിരുന്ന 6.6 കോടി രൂപ ഓഡിറ്ററുടെ കണക്കില്‍ കാണിച്ചില്ല എന്നാതാണ് ഗ്രീന്‍ പീസിനെതിരെയുള്ള പ്രധാന ആരോപണം. 2012, 14 സാമ്പത്തിക വര്‍ഷമാകട്ടെ വിദേശത്തു നിന്നുള്ള വരുമാനത്തിന്റെ 50 ശതമാനത്തിലധികം തുക സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ഉപയോഗിക്കുകയും ചെയ്തു.
വിദേശ ധനസഹായം എഫ്‌സിആര്‍എ റജിസ്‌ട്രേഷന്‍ ഇല്ലാത്ത ഒരു എന്‍ജിഒയ്ക്കു സര്‍ക്കാരിന്റെ അനുമതിയില്ലാതെ കൈമാറുകയും ചെയ്തു.
വിദേശിയായ ഗ്രീന്‍പീസ് പ്രവര്‍ത്തകന് ശമ്പളം നല്‍കിയതും സംഘടനയുടെ ഓഫീസ് ചെന്നൈയില്‍ നിന്ന് ബങ്കളുരുവിലേക്ക് മാറ്റിയതും സര്‍ക്കാരിനെ അറിയിച്ചില്ല. എന്നിങ്ങനെയാണ് ഗ്രീന്‍പീസിനെതിരായ ആരോപണങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല