സ്വന്തം ലേഖകന്‍: വിദേശ റിക്രൂട്ട്‌മെന്റിനുള്ള മെഡിക്കല്‍ പരിശോധനയുടെ പേരില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് വന്‍ തുക ഈടാക്കി പകല്‍ക്കൊള്ള നടത്തിയ സ്വകാര്യ ഏജന്‍സി ഓഫീസ് പോലീസ് താല്‍കാലികമായി അടപ്പിച്ചു. കൊച്ചി പള്ളിമുക്കില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ച മുംബൈ ആസ്ഥാനമായുള്ള ഖദാമത്ത് ഇന്റര്‍ഗ്രേറ്റഡ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സൗത്ത് പോലീസ് അടപ്പിച്ചത്.
മാനേജര്‍ മാത്യൂസ് ജോര്‍ജ്, സ്ഥാപന സന്ദര്‍ശനത്തിന് എത്തിയ കുവൈത്ത് സ്വദേശി എന്നിവരില്‍ നിന്നു പോലീസ് മൊഴിയെടുത്തു. കുവൈത്തിലേക്ക് വിസ ലഭിച്ചവര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്താന്‍ ഇരുപത്തിനാലായിരം രൂപയാണ് സ്ഥാപനം ഈടാക്കിയത്. സാധാരണയായി മെഡിക്കല്‍ ലഭ്യമാക്കാന്‍ 3500 ല്‍ താഴെ മാത്രം രൂപ മതിയെന്നിരിക്കെയാണ് ഈ പകല്‍ക്കൊള്ള.
വിവിധ ട്രാവല്‍ ഏജന്‍സികള്‍ വഴി വിസ സമ്പാദിച്ച ഉദ്യോഗാര്‍ഥികളാണ് പരിശോധനക്കായി എത്തിയത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മെഡിക്കല്‍ പരിശോധനക്ക് വന്‍ തുക ആവശ്യപ്പെട്ടതോടെ ഇവര്‍ വിസ നല്‍കിയ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടു. വിവരം അറിഞ്ഞ് എത്തിയ ഏജന്റുമാര്‍ സ്ഥാപനത്തില്‍ ബഹളം വച്ചതോടെ പോലീസും പോലീസും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫ്‌സും സ്ഥലത്തെത്തി.
കുവൈത്തിലേക്ക് പോകുന്ന മുഴുവന്‍ പേര്‍ക്കും മെഡിക്കല്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ കുവൈത്ത് അധികൃതര്‍ തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുവൈത്ത് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് കൂടിയ തുക ഈടാക്കുന്നതെന്നുമായിരുന്നു സ്ഥാപന അധികൃതരുടെ നിലപാട്.
എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവുകളുടെ രേഖകളൊന്നും ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. കുവൈത്തിലെ മുഖ്യ ഓഫീസില്‍ ഇതു സംബന്ധിച്ച ഉത്തരവുകളുണ്ടെന്നായിരുന്നു അധികൃതരുടെ വാദം. കൊച്ചിന്‍ കോര്‍പ്പറേഷന്റെ മുനിസിപ്പല്‍ നിയമം 447 പ്രകാരമുള്ള ഒരു സര്‍ട്ടിഫിക്കേറ്റ് മാത്രാണ് സ്ഥാപനത്തിന് ഹാജരാക്കാനായത്. ഇതോടെ ഖദാമത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.
മെഡിക്കല്‍ പരിശോധനയ്ക്ക് അമിത തുക ഈടാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എമിഗ്രേഷന്റെ ഭാഗമല്ലാത്തതിനാല്‍ സ്ഥാപനത്തിന് എതിരേ നടപടിയെടുക്കാന്‍ കഴിയില്ലെന്നും പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല