എ- ലെവല്‍ പരീക്ഷയില്‍ കുറവ് ഗ്രേഡ് നേടിയാലും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്ന യൂണിവേഴ്‌സിറ്റികളുടെ നടപടി വിവാദമാകുന്നു. ഡെയ്‌ലി ടെലഗ്രാഫാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെത്താള്‍ കുറവ് മാര്‍ക്ക് നേടിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ് പല യൂണിവേഴ്‌സിറ്റികളും ആദ്യം അഡ്മിഷന്‍ നല്‍കുന്നത്. എ – ലെവല്‍ പരീക്ഷയില്‍ സി ഗ്രേഡ് നേടിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റികള്‍ പ്രവേശനം നല്‍കുമ്പോള്‍ ബ്രട്ടീഷുകാരായ വിദ്യാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയത് ബി ഗ്രേഡെങ്കിലും വേണം. പല ഏജന്‍സികള്‍ക്കും മുന്‍കൂറായി സീറ്റ് വില്‍ക്കുകയാണ് യൂണിവേഴ്‌സിറ്റികള്‍ ചെയ്യുന്നതെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എലൈറ്റ് റസ്സല്‍ ഗ്രൂപ്പ് യൂണിവേഴ്സ്റ്റിയില്‍ നിന്ന് തങ്ങള്‍ സി ഗ്രേഡ് നേടിയ ഒരു വിദ്യാര്‍ത്ഥിക്കായി പ്രവേശനം തരപ്പെടുത്തി കൊടുത്തതായി ബെയ്ജിങ്ങിലെ അവരുടെ ഔദ്യോഗിക ഏജന്‍സി വെളിപ്പെടുത്തി. പല വിദേശ വിദ്യാര്‍ത്ഥികളും പഠനത്തിനായി യുകെ തിരഞ്ഞെടുക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം വിസ തരപ്പെടുത്തുക എന്നുളളത് മാത്രമാണ്. എ- ലെവല്‍ പാസ്സായ ആയിരക്കണക്കിന് ബ്രട്ടീഷ് വിദ്യാര്‍ത്ഥികളുടെ അപേക്ഷകളാണ് മതിയായ ഗ്രേഡില്ലെന്ന കാരണത്താല്‍ യൂണിവേഴ്‌സിറ്റികള്‍ നിരസിക്കുന്നത്. ഈ ഒഴിവിലേക്കാണ് അതിനേക്കാള്‍ ഗ്രേഡ് കുറഞ്ഞ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്.
ബ്രട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്കും 9,000 പൗണ്ടാണ് ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ്. എന്നാല്‍ ഇതിനേക്കാള്‍ പണം ചെലവാക്കിയാല്‍ മാത്രമേ ഒരു വിദ്യാര്‍ത്ഥിയുടെ പഠനാവശ്യങ്ങള്‍ യൂണിവേഴ്‌സിറ്റിക്ക് നിറവേറ്റാന്‍ കവിയും. എന്നാല്‍ ഇതിനേക്കാള്‍ അന്‍പത് ശതമാനം അധികമാണ് വിദേശ വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ്. യൂണിവേഴ്‌സിറ്റികള്‍ക്ക് ലാഭം ഇതായതിനാലാണ് ഇവര്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ പോകുന്നത്. ബെയ്ജിങ്ങിലെ ഗോള്‍ഡന്‍ ആരോസ് എന്ന കണ്‍സള്‍ട്ടിങ്ങ് ഏജന്‍സി കഴിഞ്ഞ വര്‍ഷം 2,500 വിദ്യാര്‍ത്ഥികളെയാണ് യുകെയിലേക്ക് റിക്രൂട്ട് ചെയ്തത്. ബ്രിട്ടനിലെ 20 യൂണിവേഴ്‌സിറ്റികളുടെ ചൈനയിലെ ഔദ്യോഗിക പ്രതിനിധിയാണ് ഗോള്‍ഡന്‍ ആരോസ്.
മികച്ച ബ്രട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടണമെങ്കില്‍ ചുരുങ്ങിയത് എഎബി ഗ്രേഡെങ്കിലും വേണം. എന്നാല്‍ സി ഗ്രേഡ് വാങ്ങിയ ഒരു വിദ്യാര്‍ത്ഥിക്ക് തങ്ങള്‍ കാര്‍ഡിഫ് ബിസിനസ് സ്‌കൂളില്‍ അക്കൗണ്ടിങ്ങ് ആന്‍ഡ് ഫിനാന്‍സില്‍ അഡ്മിഷന്‍ വാങ്ങികൊടുത്തതായി ഏജന്റ് ഫിയോണ വാംഗ് പറഞ്ഞു. ഉയര്‍ന്ന ഗ്രേഡുണ്ടായിട്ടും പല ബ്രട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ നല്‍കനാന്‍ സാധിക്കുന്നില്ലെന്ന് പല സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരും തുറന്നു സമ്മതിച്ചു. സമ്പന്നരായ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വേണ്ടി പണം മുടക്കി സീറ്റുവാങ്ങാന്‍ തയ്യാറാണ്. എന്നാല്‍ കഴിവുണ്ടായിട്ടും തഴയപ്പെടുന്ന സാധാരണക്കാരുടെ കാര്യമാണ് കഷ്ടമെന്ന് വിംബിള്‍ഡണിലെ കിംഗ്‌സ് കോളേജിന്റെ ഹെഡ്മാസ്റ്റര്‍ ആന്‍ഡ്രൂ ഹാള്‍സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല